കോഴിക്കോട്: ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന 'മിനി ഡ്രാഫ്റ്റർ ബാങ്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ വച്ച് കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി ജി മുഹമ്മദ് നിർവ്വഹിച്ചു. സംസ്ഥാന ഫുട്‌ബോൾ താരം ഷാസ് കബീർ മിനി ഡ്രാഫ്റ്റർ ഏറ്റുവാങ്ങി.

സാമൂഹ്യബോധമുള്ള എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ ഇത്തരം സേവന പ്രവത്തനങ്ങളിലൂടെ സാധിക്കുമെന്നും അതുവഴി മൂല്യശോഷണം സംഭവിച്ച് കൊണ്ടിരിക്കുന്ന എഞ്ചിനീയറിങ് കലാലയങ്ങളിലെ മൂല്യം വീണ്ടെടുക്കാൻ എളുപ്പമാകുമെന്ന് പി ജി മുഹമ്മദ് അഭിപ്രായപ്പെട്ടു.

അടിസ്ഥാനപരമായ വരകൾക്ക് ഉപയോഗിക്കുന്ന മിനി ഡ്രാഫ്റ്റർ ഉയർന്ന വില നൽകി വാങ്ങാൻ നിർബന്ധിതരാവുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണ് ടെക്‌ഫെഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്, വലിയ രൂപത്തിൽ വിജയകരമായ സിഎച്ച് മുഹമ്മദ് കോയ ബുക്ക് ബാങ്ക് പദ്ധതിയാണ് ഇതിനു പ്രചോദനമായതെന്ന് ടെക്‌ഫെഡ് സംസ്ഥാന ചെയർമാൻ നിഷാദ് കെ സലീം വിശദീകരിച്ചു.

ബുക്ക് ബാങ്ക് മാതൃകയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും മറ്റുമായി മിനി ഡ്രാഫ്റ്റർ സ്വരൂപിച്ച് വ്യവസ്ഥാപിതമായ രൂപത്തിൽ അർഹരായ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ മുഴുവൻ ക്യാമ്പസിലും ഇതിനായി പ്രത്യേകം കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിൽ ടെക്‌ഫെഡ് സംസ്ഥാന ഓർഗനൈസിങ് കൺവീനർ മുനീർ മരക്കാർ, ട്രഷറർ ഫവാസ് പനയ്തിൽ, ടെക്‌ഫെഡ് സംസ്ഥാന ഭാരവാഹികളായ ആസിഫ് എ, ജാബിർ, ഡാനിഷ് എന്നിവർ സംസാരിച്ചു. ഹാരിസ് സ്വാഗതവും മുഹമ്മദ് എം നന്ദിയും രേഖപ്പെടുത്തി