തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം പൂർണമായില്ല. ഇത് മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മന്ത്രിമാരുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമുതൽ മുകളിലോട്ടുള്ള എല്ലാ നിയമനത്തിനും സ്പെഷൽ ബ്രാഞ്ച് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഈ ഫയൽ മുഖ്യമന്ത്രിക്കും പോകണം. ഇത് രണ്ടിലുമുള്ള 'ക്ലിയറൻസ്' കിട്ടിയാലാണ് നിയമന ഉത്തരവ് ഇറങ്ങുന്നത്. ഇതും ഉത്തരവുകൾ വൈകാൻ കാരണമാണ്.

സ്റ്റാഫുകളുടെ നിയമനത്തിൽ പാർട്ടി പരിശോധന വേണമെന്ന് സിപിഎം. തീരുമാനിച്ചിരുന്നു. ഇതാണ് നിയമനം വൈകാൻ കാരണമെന്നാണ് വിവരം. മന്ത്രിമാർ നിർദേശിച്ച ചില സ്റ്റാഫുകളെ നിയമിക്കുന്നതിന് പാർട്ടി വിലക്കിടുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽനിന്നാണ് നിയമിക്കുന്നത്. ഇതനുസരിച്ച് എല്ലാമന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിമാരെ നിശ്ചയിച്ചു കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കഴിഞ്ഞ ദിവസമാണ് പ്രൈവറ്റ് സെക്രട്ടറിയെ ലഭിച്ചത്. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി ബാബുജാനെയാണ് പാർട്ടി ആദ്യം നിശ്ചയിച്ചത്. സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ച മനു സി. പുളിക്കനെ നിയമിച്ചതിനാൽ ആലപ്പുഴയിൽനിന്ന് രണ്ടുപേരെ വിട്ടുനൽകുന്നത് ബുദ്ധിമുട്ടാണെന്നുകണ്ട് ബാബുരാജന് പകരം കോട്ടയം ജില്ലയിൽനിന്നുള്ള അഡ്വ. ഷാനവാസിനെ നിയമിച്ചു.

മന്ത്രി വീണാ ജോർജിന്റെ പി.ആർ.ഒ. ചുമതലയിൽ ചാനൽ രംഗത്തെ പഴയ സഹപ്രവർത്തകയെ നിയോഗിച്ചിരുന്നു. പാർട്ടി പരിശോധനയില്ലാതെവന്ന സ്റ്റാഫ് വേണ്ടെന്ന് പിന്നീട് സിപിഎം. മന്ത്രിയെ അറിയിച്ചു. ഇതോടെ ഇവരെ ഒഴിവാക്കി. ആർ എം പി ബന്ധം ആരോപിച്ചായിരുന്നു ഇത്.