ന്യൂഡൽഹി: ലഖിംപൂർ ഖേരിയിലെ അക്രമ സംഭവങ്ങളുടെ വീഡിയോകളും മറ്റ് തെളിവുകളും കൈവശമുണ്ടെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന മന്ത്രിയുടെ പരാതിയിലാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അജയ് മിശ്രയ്ക്ക് കുരുക്കാവുന്ന വീഡിയോകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം.

ഭീഷണിപ്പെടുത്തുന്ന ഫോൺകോളുകൾ ലഭിച്ചതായി അജയ് മിശ്ര ഡിസംബർ 17-ന് പരാതി നൽകിയതായി പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഡൽഹിയിലെ വീട് പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. നാലുപേരെ നോയിഡയിൽ നിന്നും ഒരാളെ ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്.

പണമാവശ്യപ്പെട്ട് ഫോൺ കോളുകൾ ലഭിച്ചതായി മന്ത്രിയുടെ ഓഫീസിൽ നിന്ന് തങ്ങൾക്ക് പരാതി ലഭിച്ചതിന് പിന്നാലെ ന്യൂഡൽഹിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മന്ത്രിയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരേ ഒക്ടോബർ 3ന് ലഖിംപൂർ ഖേരിയിൽ കർഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബറിൽ അറസ്റ്റിലായതിന് ശേഷം ഇയാൾ ജയിലിലാണ്.

ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകരെ മന്ത്രിയുടെ വാഹനവ്യൂഹം വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നപ്പോൾ തങ്ങൾ അവിടെ ഉണ്ടായിരുന്നില്ലെന്ന് മന്ത്രിയും മകനും അവകാശപ്പെട്ടിരുന്നു.

ലഖിംപൂർ സംഭവം ആസൂത്രിതമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പിന്നാലെ സുതാര്യമായ വിചാരണ നടക്കണമെങ്കിൽ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.