തിരുവനന്തപുരം: തുടർച്ചയായ മൂന്ന് വർഷത്തിന് ശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് ഇക്കുറി ഓണത്തിന് ബോണസ് നൽകും. ഈ വർഷവും ബോണസ് ഉണ്ടാവില്ല എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ, കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ബോണസ് നൽകുമെന്ന് ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

ഏഴായിരം രൂപ ബോണസ് ആയി നൽകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ബോണസില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും. ബോണസ് ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറിയും ബോണസ് ഉണ്ടാവില്ലെന്ന പ്രചരണത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

കെഎസ്ആർടിസി ജീവനക്കാർക്ക് തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷവും ബോണസ് നൽകിയിരുന്നില്ല. പ്രളയവും പ്രകൃതിക്ഷോഭവുമാണ് ഇതിന് കാരണമായി പറഞ്ഞത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ബോണസ് നിഷേധിക്കാനാണ് സാധ്യതയെന്ന് പ്രചാരണമുണ്ടായത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 20 ശതമാനം പിടിക്കുന്നുണ്ട്. ഇതിനിടെ ബോണസും ഉണ്ടാവില്ലെന്ന സൂചന ലഭിച്ചതോടെ ജീവനക്കാർ ചീഫ് ഓഫീസിനു മുന്നിലും സെക്രട്ടേറിയേററിനു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.