കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിലെ പ്രതി അധ്യക്ഷനായ ചടങ്ങിൽ മന്ത്രി ഉദ്ഘാടകനായി പങ്കെടുത്തത് വിവാദമാകുന്നു. കൂത്തുപറമ്പ് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പതിനാറാം വാർഷികത്തിനോടനുബന്ധിച്ചു നടന്ന പുരസ്‌കാര വിതരണത്തിലും ആദരിക്കൽ ചടങ്ങിലുമാണ് ടൂറിസം പുരാവസ്തുവകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടകനായെത്തിയത്.

ശനിയാഴ്‌ച്ച രാവിലെ പത്തുമണിയോടെ കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിലാണ് പരിപാടി നടത്തിയത്. ഹ്രസ്വസിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്മാധ്യമ പ്രവർത്തകൻ കൂടിയായ പ്രദീപൻ തൈക്കണ്ടി(42)യാണ് പരിപാടിയാണ് പരിപാടിയുടെ മുഖ്യസംഘാടകൻ.

2020 ജനുവരി 26നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അന്നത്തെ മട്ടന്നൂർ സി. ഐ രാജീവ്കുമാർ ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്യുകയും ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് പ്രദീപനെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ഇതിനു ശേഷം പൊതുവേദികളിൽ നിന്നും അൽപനാൾ വിട്ടു നിന്ന പ്രദീപൻ പിന്നീട് വേങ്ങാട് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുമായി വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോൾ ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിച്ചുവരികയാണ് ഇയാൾ.
ചടങ്ങിൽ ഉദ്ഘാടകനായെത്തിയ മന്ത്രി പോക്സോകേസ് പ്രതി അംഗമായ വേങ്ങാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയെ വാനോളം പുകഴ്‌ത്തി സംസാരിക്കുകയായിരുന്നു.

സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ആളുകളുള്ള കാലത്ത് മറ്റുള്ളവരുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അറിഞ്ഞു സഹായിക്കാനെത്തുന്ന ചുരുക്കം സുമനസുകൾ നമുക്കിടയിൽ ഉണ്ടെന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിച്ചതായിരുന്നു കോവിഡ് പ്രതിസന്ധി. എന്നാൽ വേങ്ങാട് സാന്ത്വനത്തെപ്പോലുള്ള സന്നദ്ധ സംഘടനകളും ജനങ്ങളും സർക്കാരും ഒന്നിച്ചു നിന്നതിനാൽ പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞു. സന്നദ്ധസംഘടനകൾ നൽകുന്ന സേവനം മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിനാറാം വാർഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പതിനാറുപേരെയാണ് ആദരിച്ചത്.സാധാരണയായി മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകൾ നടക്കുമ്പോൾ പൊലിസ് രഹസ്യാന്വേഷണവിഭാഗം അതിന്റെ സംഘാടകരെ കുറിച്ചു മുൻകൂട്ടിവിവരങ്ങൾ അന്വേഷിക്കാറുണ്ട്. പോക്സോ കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രതി സംഘാടകനും മുഖ്യഅധ്യക്ഷനുമായ ചടങ്ങിൽ മന്ത്രി പങ്കെടുത്തത് പൊലിസിന് സംഭവിച്ച ഗുരുതരവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇതേ കുറിച്ചു പൊലിസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അവാർഡു ദാന ചടങ്ങിൽ പങ്കെടുത്ത പലർക്കും പ്രദീപൻ തൈക്കണ്ടിയുടെ പശ്ചാത്തലം അറിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. വെറും അവാർഡ് ശിൽപ്പവും പ്രശംസാപത്രവുമാണ് ജേതാക്കൾക്ക് നൽകിയത്. ഈ അവാർഡ് മേള തട്ടിക്കൂട്ടുപരിപാടിയാണെന്ന ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ സംഘാടകർക്കെതിരെയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.