തിരുവനന്തപുരം: മരംമുറി വിവാദത്തിൽ റവന്യൂ വകുപ്പിന് മാത്രമായി വീഴ്‌ച്ച പറ്റിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാവകുപ്പുകൾക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ ഉത്തരവ് മറയാക്കി വ്യാപകമായി മരം മുറിച്ച് കടത്തിയെന്ന ആരോപണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരം മുറി ഉത്തരവിനെ തുടർന്ന ഉയർന്നുവന്ന വിവാദങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.

വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ തർക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവ് ഇറക്കിയത് പൊതു ആവശ്യപ്രകാരമാണ്. കർഷകരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കും.

പട്ടയ ഭൂമിയിൽ നിന്നും മരം മുറിക്കാമെന്ന ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്നാണ് വിലയിരുത്തുന്നത്. വിഷയത്തിൽ സർക്കാർ ഒറ്റക്കെട്ടാണ്. പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളിൽ എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്വമാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. കൃത്യതയോടെ തീരുമാനം എടുക്കും. വിഷയത്തിൽ സിപിഐയുടെ അഭിപ്രായം പാർട്ടി സെക്രട്ടറി പറയുമെന്നും കെ രാജൻ പറയുന്നു.

മരം മുറി വിവാദത്തിൽ മന്ത്രി എകെ ശശീന്ദ്രന്റെ നിലപാടിനോട് സിപിഐ നേരത്ത അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഉത്തരവ് ഇറക്കിയത് തന്റെ കാലത്ത് അല്ലെന്ന ശശീന്ദ്രന്റെ നിലപാട് മുൻ മന്ത്രിമാരെ സംശയ മുനയിൽ നിർത്തുന്നതാണെന്നായിരുന്നു വിമർശനം. മുൻ റവന്യു, വനം മന്ത്രിമാർക്ക് മരംകൊള്ളയിൽ പങ്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഐ നിലവിലെ വനം മന്ത്രിയുടെ നിലപാടിൽ പാർട്ടിയെയും മുന്നണിയിലും അതൃപ്തി അറിയിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന നിരന്തരം ആവർത്തിക്കുന്ന ശശീന്ദ്രൻ മരംമുറിയിൽ മുന്മന്ത്രിമാരെ സംശയ മുനയിൽ നിർത്തുന്നതായും സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ പുതിയ പ്രതികരണം. അതിനിടെ, വിവാദ മരംമുറി കേസിൽ പാർട്ടിക്കോ മുൻ മന്ത്രിമാർക്കോ പിഴവ് പറ്റിയിട്ടില്ലെന്നാണ് സിപിഐയുടെ നിഗമനമെന്നാണ് റിപ്പോർട്ട്. എന്നാൽ വിഷയം വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ലെന്ന അഭിപ്രായം ഉള്ളവരും പാർട്ടിയിലുണ്ട്.

മന്ത്രിമാർക്കല്ല, ഉദ്യോഗസ്ഥതലത്തിലാണ് വീഴ്ച സംഭവിച്ചതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാലും പാർട്ടിയെ സംശയത്തിൽനിർത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാന നേതൃയോഗം വിളിച്ച് ചർച്ചചെയ്യാൻ ആലോചിക്കുന്നത്. മരംമുറിക്ക് ഉത്തരവിറക്കുന്ന കാര്യം സർവകക്ഷിയോഗത്തിൽ ചർച്ചചെയ്തെങ്കിലും അത് മുന്നണിയിൽ ചർച്ചചെയ്യണമായിരുന്നു എന്ന അഭിപ്രായം ഘടകകക്ഷികളിൽ ചിലർ പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇടതുമുന്നണിയിലും ഇക്കാര്യം ചർച്ചയ്ക്കു വന്നേക്കാം.

പട്ടയഭൂമിയിൽനിന്നു മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ഇറക്കിയ ഉത്തരവിലെ ബുദ്ധിമുട്ടുകൾ വനം സെക്രട്ടറി വകുപ്പിനെ അറിയിച്ചിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. ഉത്തരവിലെ അപാകത പലതലത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽവന്നിട്ടുണ്ട്. അങ്ങനെ വന്നപ്പോഴാണ് വനം വകുപ്പ് റവന്യു വകുപ്പിന്റെ ശ്രദ്ധയിലേക്കു വിഷയം കൊണ്ടുവന്നത്. വനം- റവന്യു വകുപ്പുകൾ മന്ത്രിതലചർച്ച നടത്തിയെങ്കിലും ഉത്തരവിറക്കും മുമ്പ് ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും എ.കെ ശശീന്ദ്രൻ കുറ്റപ്പെടുത്തി.