കോട്ടയം : മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ 59 റോഡുകൾ നശിച്ചതായും 31.08 കോടി രൂപയുടെ നഷ്ടമുണ്ടായതായും സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. ദുരിതബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടർ നടപടികളും വിലയിരുത്തുന്നതിനായി മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

റോഡുകൾ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാലങ്ങൾക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തൽ. പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. പൊതുമരാമത്ത്- റോഡ്, പാലം വിഭാഗങ്ങൾ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങൾ എന്നിവ തിട്ടപ്പെടുത്തി നാളെ റവന്യുവകുപ്പ് റിപ്പോർട്ട് നൽകും.

കൃഷിവകുപ്പ് പ്രാഥമിക നഷ്ടം വിലിയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂർത്തീകരിക്കും. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തികൾ നടക്കുകയാണ്. കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനും പ്രളയത്തിൽ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിനും സത്വര നടപടി സ്വീകരിക്കാൻ ജല അഥോറിറ്റിയെ ചുമതലപ്പെടുത്തി.

വ്യാപാരസ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കും ഉണ്ടായ നഷ്ടം വിലയിരുത്താൻ റവന്യുവകുപ്പ് മുഖേന നടപടി സ്വീകരിക്കും. മലവെള്ളപ്പാച്ചിലിൽ റേഷൻ കാർഡടക്കം നഷ്ടപ്പെട്ട രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് കലക്ടറേറ്റിൽ സംവിധാനമൊരുക്കും. എല്ലാ വകുപ്പുകളും നഷ്ടങ്ങൾ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. വകുപ്പുകൾ നൽകുന്ന റിപ്പോർട്ടുകൾക്ക് പുറമെ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകൾ അടക്കം വിവിധ മേഖലകളിലുണ്ടായ നഷ്ടം വിലയിരുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ അടിയന്തരമായി റിപ്പോർട്ട് നൽകണം.

ദുരന്തബാധിതരെ സഹായിക്കാൻ എല്ലാ സംവിധാനവുമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. മീനച്ചിൽ താലൂക്കിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങലും വിലയിരുത്താൻ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേരും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ജില്ലാ കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ, പൊതുമരാമത്ത് ചീഫ് എൻജിനിയർമാരായ അജിത്ത് രാമചന്ദ്രൻ, എം. മനോജ് മോഹൻ, എഡിഎം ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.