മലപ്പുറം: വാര്യംകുന്നനെ പുകഴ്‌ത്തിയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിവാദത്തിലേക്ക്.കോട്ടക്കുന്ന് ടൂറിസം പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് വാരിയൻകുന്നനെ പുകഴ്‌ത്തി മന്ത്രി രംഗത്തെത്തിയത്. വാര്യംകുന്നൻ നടത്തിയ ഉജ്ജ്വല പോരാട്ടത്തെ വർഗീയ കലാപമാക്കി മാറ്റിത്തീർക്കാനുള്ള ശ്രമം തെറ്റാണന്ന് പറഞ്ഞ സംസ്ഥാനമാണ് കേരളം. പോരാട്ടത്തിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമര പോരാളികളായി പരിഗണിച്ച് പെൻഷൻ പ്രഖ്യാപിച്ചിട്ടുണ്ട് സർക്കാർ. പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ഉജ്ജ്വലമായ ഓർമകളുള്ള വർത്തമാനകാലഘട്ടത്തിൽ നമുക്ക് പോരാടാനുള്ള ഊർജ്ജം നൽകുന്ന മണ്ണാണ് കോട്ടക്കുന്നിലേതെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഹിന്ദുവംശഹത്യക്ക് നേതൃത്വം കൊടുത്ത അക്രമകാരിയെ മന്ത്രി വെള്ളപൂശി എന്ന തരത്തിലാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത്.അതേസമയം മലബാർ കലാപത്തെ സമസ്ത തള്ളിപ്പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പരാമർശം.മലബാറിൽ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ മലബാർ കലാപം എന്ന പേരിൽ നടന്ന ഹിന്ദുവംശഹത്യയെ തള്ളി കഴിഞ്ഞ ദിവസം സുന്നി പണ്ഠിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്തുവന്നിരുന്നു.

മലബാർ കലാപം മുസ്ലിം സമുദായത്തിന് തിരിച്ചടി മാത്രമാണ് ഉണ്ടാക്കിയത്. ഇത്തരം പ്രവൃത്തികളിൽ നിന്ന് സമുദായം വിട്ടു നിൽക്കണമായിരുന്നുവെന്നും സമസ്ത പറഞ്ഞിരുന്നു. എന്നാൽ, സമസ്തയെ തള്ളിയാണ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുന്നത്. മലബാർ കലാപം മുസ്ലിം സമുദായത്തെ നൂറ് വർഷം പിന്നോട്ട് നയിക്കുകയാണ് ചെയ്തത്.

മലബാർ കലാപം നടന്ന് നൂറ് വർഷം തികയുന്ന ഘട്ടത്തിലാണ് സമസ്തയുടെ ഏറ്റു പറച്ചിൽ. മലബാർ കലാപത്തിനെക്കുറിച്ചുള്ള സമസ്തയുടെ നിലപാടുകൾ വിശദീകരിക്കുന്ന തരത്തിൽ മലപ്പുറത്ത് മലബാർ ചരിത്ര കോൺഗ്രസ്' സംഘടിപ്പിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ്. പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.