അഗളി : അട്ടപ്പാടിയിൽ 175 അങ്കണവാടികൾ കേന്ദ്രീകരിച്ചു 'പെൺട്രികകൂട്ടം' പെൺകൂട്ടായ്മയുണ്ടാക്കുമെന്നു മിന്നൽ സന്ദർശനത്തിനെത്തിയ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. അങ്കണവാടി, ആശ പ്രവർത്തകരും പ്രദേശത്തെ അഭ്യസ്തവിദ്യരായ സ്ത്രീകളും നേതൃത്വം നൽകും.

സർക്കാർ പദ്ധതികൾ കൃത്യമായി ഗുണഭോക്താവിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തുകയാണു പെൺകൂട്ടായ്മയുടെ ലക്ഷ്യമെന്നു മന്ത്രി വിശദീകരിച്ചു. സ്ത്രീകളെയും കുട്ടികളെയും കൗമാരപ്രായക്കാരെയും പ്രത്യേകം ശ്രദ്ധിക്കും. ആദിവാസി ഭാഷയിൽ ബോധവൽക്കരണം നടത്തും. അപകടകരമായ അവസ്ഥയിലുള്ള 191 ആദിവാസി ഗർഭിണികളെ പ്രത്യേകം ശ്രദ്ധിക്കും. ഇവർക്കു വ്യക്തിപരമായ ആരോഗ്യ പരിചരണം ഉറപ്പാക്കും.

ആദിവാസികൾ ആഗ്രഹിക്കുന്നതുപോലെ, ചുരമിറങ്ങാതെ ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കുട്ടികളുടെ ഐസിയു ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കോട്ടത്തറ ആശുപത്രിയിലെ ക്രമക്കേടുകൾ സംബന്ധിച്ചു ലഭിച്ച പരാതികൾ പരിശോധിച്ച്, വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും. അഗളി സിഎച്ച്‌സിക്ക് ആംബുലൻസ് അനുവദിച്ചതായും മന്ത്രി അറിയിച്ചു.