അമരാവതി: ക്ലാസ് മുറിയിൽ വെച്ച് വിവാഹിതരായി പ്ലസ്ടു വി​ദ്യാർത്ഥികൾ. വീഡിയോ വൈറലായതോടെ ഇരുവർക്കും ടിസി നൽകി സ്കൂൾ അധികൃതരും. ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു കോളജിലാണ് സംഭവം. കഴിഞ്ഞ മാസമാണ് കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് ക്ലാസ് മുറിയിൽ കടന്ന പെൺകുട്ടിയും രണ്ട് ആൺകുട്ടികളും ചേർന്ന് വിവാഹ വീഡിയോ ചിത്രീകരിച്ചത്. ദ ന്യൂസ് മിനിറ്റാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ആരുമില്ലാത്ത ക്ലാസ് മുറിയിൽ ആൺകുട്ടി പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടി. മറ്റൊരു സുഹൃത്ത് ഇത് മൊബൈലിൽ പകർത്തി. നവംബർ ആദ്യമാണ് സംഭവം നടന്നതെന്ന് പറയുന്നു. വിവാഹം കഴിച്ച പെൺകുട്ടിക്കും ആൺകുട്ടിക്കും പ്രായപൂർത്തിയായിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് കോളേജ് അധികൃതരുടെ നടപടി. ഒരു മിനിറ്റ് ർൈഘ്യമുള്ളതാണ് വീഡിയോ. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവർ ക്ലാസ് മുറിയിൽവെച്ച് വിവാഹിതരായത്. താലി കെട്ടിയതിന് ശേഷം നെറ്റിയിൽ സിന്ദൂരമണിയാനും പെൺകുട്ടി നിർദ്ദേശിക്കുന്നുണ്ട്. ആരെങ്കിലും വരും മുമ്പ് സിന്ദൂരമണിയാനാണ് പെൺകുട്ടി നിർദ്ദേശിക്കുന്നത്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നു.

'ആരാണ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. കോളേജ് സുരക്ഷാ ജീവനക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ ക്ലാസ് മുറിയിലേക്ക് കയറിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്'-കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർ വാർത്ത ഏജൻസി ഐഎഎൻഎസിനോട് പറഞ്ഞു. ശിശുക്ഷേമ അധികൃതരും സംഭവത്തിൽ ഇടപെട്ടു.