കൊച്ചി : മിസ് കേരള മത്സരവിജയികളായ മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടിയുടെ സമയത്തു ഹോട്ടലിലെ ചില സി.സി. ടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്നു കണ്ടെത്തൽ. ഇതിനൊപ്പം മറ്റ് ചില ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. യുവതികൾ തലയിൽ ഗ്ലാസ് വച്ചു നൃത്തമാടുന്ന ദൃശ്യങ്ങൾ റോയ് പൊലീസിനു കൈമാറിയ ഡി.വി.ആറിലുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഈ വാർത്തകളൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഹോട്ടലുടമയെ സംരക്ഷിക്കുന്ന മൊഴികളാണ് ജീവനക്കാരും പൊലീസിന് നൽകിയത്.

മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലാണിത് പറഞ്ഞിരുന്നത്. ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് അപേക്ഷയിലുള്ളത്. കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്. മോഡലുകൾ തലയിൽ മദ്യകുപ്പി വച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളുണ്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നത് മംഗളം പത്രമാണ്.

മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് സംശയം. പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പൊലീസ് പറയുന്നു. റോയിയുടെ താത്പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം. എന്നാൽ ഇതെല്ലാം ജീവനക്കാരും റോയിയും നിഷേധിക്കുന്നു.

മോഡലുകളുടെ മരണത്തിൽ നേരിട്ട് ഹോട്ടലുടമയെ ബന്ധിപ്പിക്കുന്ന തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ഹോട്ടലുടമ റോയ് വയലാട്ട് ഡി.വി.ആർ. ഹാജരാക്കിയെങ്കിലും പാർട്ടി നടന്ന ഹാളിലെ പല ഭാഗത്തെയും ദൃശ്യങ്ങൾ കാണുന്നില്ല. പാർട്ടി തുടങ്ങുമ്പോൾത്തന്നെ ക്യാമറകൾ ഓഫാക്കുകയാണു പതിവെന്നു പൊലീസ് കരുതുന്നു. സമയപരിധി കഴിഞ്ഞും മദ്യം വിളമ്പുന്നതു പതിയാതിരിക്കാനുള്ള നടപടിയാണ് ഇതെന്നാണ് ഹോട്ടലിന്റെ വാദം. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിന് തെളിവ് കിട്ടാതിരിക്കാനാണ് ഇതെന്നും ആരോപണമുണ്ട്.

മോഡലുകൾ ഇവരും മദ്യപിച്ചിരുന്നുവെന്നതിന്റെ സൂചനയാണ് ഹോട്ടൽ ഉടമ നൽകിയ സിസിടിവി ദൃശ്യത്തിലുള്ളത്. പാർട്ടിക്കിടെ അസുഖകരമായ ഒന്നുമുണ്ടായിട്ടില്ലെന്നു റോയ് പറഞ്ഞു. മോഡലുകൾ പാർട്ടി കഴിഞ്ഞു സന്തോഷത്തോടെ മടങ്ങുന്നതു ദൃശ്യങ്ങളിലുണ്ട്. റോയിയെ കെട്ടിപ്പിടിച്ചും നൃത്തം ചെയ്തുമാണു പുറത്തേക്കുവന്നത്. ഇവർ നേരത്തേ നാലു തവണ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും റോയ് മൊഴി നൽകി. യുവതികൾ പാർട്ടിക്കു പണം നൽകാറില്ല. ഇവരെ പാർട്ടിക്ക് എത്തിക്കാനും തിരിച്ചു കൊണ്ടുപോകാനും ആളുകളുണ്ടാകും.

ഈ ഹോട്ടലിൽ വാരാന്ത്യത്തിൽ ഡി.ജെ. പാർട്ടി പതിവാണ്. റോയിയുടെ സൗമ്യമായ ഇടപെടൽ കണക്കിലെടുത്ത് ആളുകൾ തിരക്കിട്ടെത്തിയിരുന്നെന്നാണു ജീവനക്കാരുടെ മൊഴി. ഡി.ജെ. പാർട്ടികളിൽ മദ്യം സാധാരണമാണെങ്കിലും മയക്കുമരുന്നും വൻതോതിൽ ഉപയോഗിക്കുന്നതായി പൊലീസ് പറയുന്നു. പാർട്ടിയിൽ പങ്കെടുക്കാൻ വരുന്നവരാണ് ഇതു കൊണ്ടുവരുന്നത്. സാധാരണ 20 മുതൽ 60 വരെ ആളുകൾ പങ്കെടുക്കാറുണ്ട്.

നിർണ്ണായ ഡി.വി.ആറുകളിലൊന്ന് തേവര കായലിൽ എറിഞ്ഞെന്നാണു ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയത്. കായൽത്തീരത്തു തെളിവെടുത്തെങ്കിലും ഈ വാദം ശരിയാണെന്ന് അന്വേഷണ സംഘം കരുതുന്നില്ല. എന്നാൽ, ഹാർഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്നു സ്ഥിരീകരിച്ചെന്നാണു പ്രോസിക്യൂഷൻ ഇന്നലെ കോടതിയെ അറിയിച്ചത്. ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.