റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം തകർത്ത് അറബ് സഖ്യസേന. റിയാദ് ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണം. എന്നാൽ മിസൈൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുൻപ് അറബ് സഖ്യസേന ഈ ശ്രമം പരാജയപ്പൈടുത്തി. ഒഴിവായത് വൻ ദുരന്തമെന്ന് ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ടുചെയ്തു.

സൗദി അറേബ്യ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസവും ഹൂദികൾ രണ്ട് തവണ ആക്രമണം നടത്തിയിരുന്നു. ഇവയും അറബ് സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. റിയാദിലെ ആകാശത്ത് തീഗോളം ദൃശ്യമായിരുന്നതായി നിരവധി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരുന്നു. ഏതുനിമിഷവും ശത്രു പാളയത്തിൽ നിന്നുള്ള ആക്രമണം തടയാൻ അറബ് സേന സജ്ജമായിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

ആക്രമണത്തിനു പിന്നിൽ ഹൂദികളാണെന്നും ഇവരുടെ ആക്രമണങ്ങളെ അറബ് സഖ്യസേന പരാജയപ്പെടുത്തുകയായിരുന്നുവെന്നും ഔദ്യോഗിക ടെലിവിഷൻ ചാനൽ റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ എന്ത് നടപടിയാണ് സൗദി സ്വീകരിക്കുക എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.