കൊല്ലം: കൊട്ടാരക്കരയിൽ നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ് അടിച്ചുമാറ്റി കൊണ്ടുപോയത് പാരിപ്പള്ളി വരെ. കൊട്ടാരക്കര ബസ് ഡിപ്പോയിൽ നിന്ന്‌ കാണാതെ പോയ കെഎസ്ആർടിസി ബസ് കൊല്ലത്ത് തന്നെയുള്ള പാരിപ്പള്ളിയിൽ ബസ് കണ്ടെത്തിയത്. കെഎൽ15/ 7508 എന്ന നമ്പറിലുള്ള ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസാണ് ഇന്നു രാവിലെ മുതൽ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. കൊട്ടാരക്കര-പാരിപ്പള്ളി റൂട്ടിലെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബസ് തട്ടിക്കൊണ്ടുപോയവരെ ഉടൻ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.

കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് ഇന്ന് രാവിലെ മോഷണം പോയത്. സർവീസിനായി ബസ് എടുക്കാൻ ഡ്രൈവർ വന്നപ്പോഴാണ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ ശേഷം സർവീസിനായി ബസ് ഗ്യാരേജിൽ കയറ്റിയിരുന്നു. സർവീസ് പൂർത്തിയാക്കിയ ശേഷം പുലർച്ചെ കൊട്ടാരക്കര ഡിപ്പോയ്ക്ക് സമീപമുള്ള മുൻസിപ്പൽ ഓഫീസിന് മുന്നിലാണ് ബസ് നിർത്തിയിട്ടിരുന്നത്. അധികൃതരുടെ പരാതിയിൽ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയിൽ നിന്ന് കണ്ടെത്തിയത്.

സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആർ ടി സി അധികൃതർ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവർ പറഞ്ഞു. സ്ഥലക്കുറവ് കാരണം സർവീസ് പൂർത്തിയാക്കി എത്തുന്ന കെ എസ് ആർ ടി സി ബസുകൾ രാത്രിയിൽ ദേശീയപാതയുടെ വശങ്ങളിലാണ് പാർക്ക് ചെയ്തിരുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ബസാണ് തട്ടിക്കൊണ്ടുപോയത്.

അടുത്തിടെ കെഎസ്ആർടിസിയുടെ തിരുവനന്തപുരം മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എ.സി സർവ്വീസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിലും, ബോണ്ട് സർവ്വീസിലെ ട്രാവൽ കാർഡ് വിതരണത്തിൽ തിരമറി കാട്ടിയ സംഭവത്തിലും ഉൾപ്പെടെ 5 ജീവനക്കാരെ സസ്പെന്റ് ചെയ്തതായി കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചിരുന്നു.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ജനുവരി 31-ന് വൈകിട്ട് ആറ് മണിക്കുള്ള മം​ഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എ.സി. സർവ്വീസിൽ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവർ കം കണ്ടക്ടർമാരായ കെ.റ്റി ശ്രീരാജ്, വി എം. ബിജീഷ് എന്നിവരെയായിരുന്നു. എന്നാൽ കണ്ടക്ടർ ചുമതല ഉണ്ടായിരുന്ന വി. എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവർ കം കണ്ടക്ടർ ആയിരുന്ന എം. സന്ദീപിനെ മേലധികാരകളുടെ അറിവോ സമ്മതമോ കൂടാതെ കെ.റ്റി. ശ്രീരാജുമായി ചേർന്ന് കണ്ടക്ടർ ചുമതല വഹിച്ച് കോർപ്പറേഷനെ കബളിപ്പിച്ച് സർവ്വീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്പെന്റ് ചെയ്തത്. ആൾമാറാട്ടം നടത്തി സർവ്വീസ് നടത്തിയ ഇവരെ കൊല്ലം വിജിലൻസ് വിഭാ​ഗം ഇൻസ്പെക്ടർമാർ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും , ലോ​ഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാർഡിലും വ്യത്യാസം തോന്നിയതിനെ തുടർന്ന് നടപടിയെടുത്തത്.