ന്യൂഡൽഹി: രാമജന്മഭൂമി ട്രസ്റ്റ് അയോധ്യയിൽ വാങ്ങിയ ഭൂമിയിലെ അഴിമതിയാരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര. ഭക്തർ നൽകിയ സംഭാവനകൾ ദുരുപയോഗം ചെയ്യുന്നത് പാപവും അവരുടെ വിശ്വാസത്തെ അപമാനിക്കലുമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് വിഷയത്തിൽ പ്രിയങ്ക പ്രതികരിച്ചത്.

'കോടിക്കണക്കിനു ഭക്തർ അവരുടെ നേർച്ച ദൈവത്തിന്റെ പാദത്തിൽ വയ്ക്കുന്നത് വിശ്വാസവും ഭക്തിയും കാരണമാണ്. അത്തരം സംഭാവനകളെ ദുരുപയോഗം ചെയ്യുന്നത് പാപവും അവരുടെ വിശ്വാസത്തെ അപമാനിക്കലുമാണ്.' ഹിന്ദിയിലെ ട്വീറ്റിൽ അവർ വ്യക്തമാക്കി.

സ്വകാര്യ വ്യക്തിയിൽനിന്ന് രണ്ട് റിയൽ എസ്റ്റേറ്റ് ഡീലേഴ്‌സ് രണ്ടു കോടി രൂപയ്ക്കു വാങ്ങിയ സ്ഥലം നിമിഷങ്ങൾക്കുള്ളിൽ ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. ഈ വർഷം മാർച്ചിലാണ് ഇടപാടുകൾ നടന്നതെന്നും ഇവർ ആരോപിച്ചു. സമാജ്വാദി പാർട്ടി, ആം ആദ്മി എന്നിവരാണ് ആരോപണമുന്നയിച്ചത്.

ചില പ്രാദേശിക ബിജെപി നേതാക്കളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് മുൻ സമാജ്വാദി പാർട്ടി എംഎൽഎയും ഉത്തർപ്രദേശ് മന്ത്രിയുമായ പവൻ പാണ്ഡെ ആരോപിച്ചു. ഇത് സംബന്ധിച്ച് ചില രേഖകൾ അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

നിമിഷങ്ങൾക്കുള്ളിലാണ് വസ്തുവില 2 കോടിയിൽ നിന്ന് 18 കോടിയായി ഉയർന്നതെന്നും ഇതിൽ തീർച്ചയായും കൊള്ള നടന്നിട്ടുണ്ടെന്നുമാണ് പവൻ പാണ്ഡേ ആരോപിച്ചത്. ഇരു ഇടപാടുകളുടെയും സ്റ്റാംപ് ഡ്യൂട്ടി പേപ്പറുകളും സാക്ഷികളും സമാനമായിരുന്നെന്നും പവൻ പാണ്ഡെ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ആരോപണങ്ങൾ ട്രസ്റ്റ് നിഷേധിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന്റെ മേൽനോട്ടം വഹിക്കാനായി 2020 ഫെബ്രുവരിയിലാണ് ശ്രീറാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര എന്ന ട്രസ്റ്റ് മോദി സർക്കാർ രൂപീകരിച്ചത്.