ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണു പ്രഖ്യാപനം. 'കടന്നുപോയ വർഷങ്ങളിൽ എനിക്കു നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിർവാദത്തോടും കൂടി ജീവിതത്തിലെ 2ാം ഇന്നിങ്‌സ് തുടങ്ങാൻ ആഗ്രഹിക്കുന്നു' മിതാലി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരവെയാണ് യുവതലമുറയ്ക്ക് വേണ്ടി വഴിമാറുന്നത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി കൂടിയാണ്.

'കളി മതിയാക്കാൻ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളിൽ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യൻ ടീമിനെ വർഷങ്ങളോളം നയിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാൻ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്', മിതാലി കുറിച്ചു.

വനിതാ ടെസ്റ്റിൽ 12 മത്സരങ്ങളിൽ ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളുമായി 699 റൺസാണ് മിതാലിയുടെ നേട്ടം. അതേസമയം ഏകദിനത്തിൽ 232 മത്സരങ്ങളിൽ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റൺസ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യിൽ 89 മത്സരങ്ങളിൽ 17 അർധശതകങ്ങളോടെ 2364 റൺസും പേരിലാക്കി. 37.5 ശതമാനമാണ് ബാറ്റിങ് ശരാശരി. 97 റൺസാണ് ഉയർന്ന സ്‌കോർ. ആദ്യമായി 2000 റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരിയെന്ന വിശേഷണത്തിനും മിതാലി രാജ് അർഹയാണ്.

36 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത് മിതാലി രാജാണ്. 2012, 2014, 2016 വർഷങ്ങളിൽ നടന്ന ട്വിന്റി- 20 ലോകകപ്പുകൾ ഇതിൽ ഉൾപ്പെടും. 2006 മുതൽ ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു മിതാലി രാജ്.