കൊച്ചി: എംഎൽ ബ്രാൻഡിൽ നിഗൂഡതകൾ ഒളിപ്പിച്ച് മോഹൻലാൽ. ഇനി എല്ലാ ബിസിനസ്സും തന്റെ സ്വന്തം പേരിലെന്ന സൂചനയാണ് ലാൽ നൽകുന്നത്. ഹരിപ്പാട്ടെ തിയേറ്ററിന് എം ലാൽ മൾട്ടിപ്ലക്‌സ് എന്ന് പേരു കൊടുത്തതിൽ തുടങ്ങുന്നു ഈ ചുവടുമാറ്റം. നേരത്തെ വിസ്മയ എന്ന പേരിൽ അത്യാധുനിക എഡിറ്റിങ് സ്റ്റുഡിയോ അടക്കം ലാലിന് തിരുവനന്തപുരത്തുണ്ടായിരുന്നു. പിന്നീട് അതെല്ലാം വിറ്റു. പിന്നീട് സ്വന്തം ബിസിനസ്സിൽ ലാൽ ശ്രദ്ധിച്ചിരുന്നില്ല.

എല്ലാം സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ പേരിലുള്ള ആശിർവാദിന്റെ ബാനറിലായിരുന്നു ചെയ്തത്. ഇതിന് മാറ്റം വരികയാണെന്ന സൂചനയാണ് എംഎൽ ബ്രാൻഡിലൂടെ മോഹൻലാൽ നടത്തുന്നത്. സിനിമാ നിർമ്മാണം ആശിർവാദ് തന്നെ തടരും. എന്നാൽ മറ്റ് ബിസിനസുകൾ സ്വന്തം ബ്രാൻഡിലും ഉത്തരവാദിത്തത്വത്തിലും ഏറ്റെടുക്കാൻ സൂപ്പർ നടൻ ഒരുങ്ങുന്നുവെന്നാണ് സൂചനകൾ. സിനിമയ്‌ക്കൊപ്പം കച്ചവടവും മുമ്പോട്ട് കൊണ്ടു പോകാനാണ് തീരുമാനം.

സിനിമാ തിയേറ്ററിലേക്ക് മോഹൻലാലിന് താൽപ്പര്യം എത്തിയപ്പോഴും എല്ലാം വാങ്ങിയത് ആന്റണിയുടെ ആശിർവാദായിരുന്നു. കോവിഡു കാലത്തെ ചിന്തകൾ വീണ്ടും ബിസിനസ്സിലേക്ക് തിരിയാൻ മോഹൻലാലിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. 'എംഎൽ', ഈ ചുരുക്കപ്പേരിന് പ്രത്യേകിച്ചൊരു വിശേഷണത്തിന്റെ ആവശ്യമില്ലെന്ന് ലാലിനും അറിയാം. പ്രമുഖ കമ്പനികളുടെയും ഉത്പന്നങ്ങളുടെയും ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ സ്വന്തം പേരിൽ ബ്രാൻഡുമായി എത്തിയാൽ അത് വിജയിക്കുമെന്നാണ് വലിയിരുത്തൽ.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച പാചക വിഡിയോയിൽ ധരിച്ച ടി ഷർട്ടും ഈ പേരിലുള്ള ബ്രാൻഡിന്റേതായിരുന്നു. അങ്ങനെ ML എന്ന ബ്രാൻഡ് ടി ഷർട്ട് സമൂഹമാധ്യമലോകത്തും വലിയ ചർച്ചയായി. ലോകത്തെ തന്നെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നാണ് എംഎൽ. ഇതേ പേരിൽ മോഹൻലാൽ തന്നെ വിപണയിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കുമോ എന്നായി പിന്നീടുള്ള ആരാധകരുടെ ചർച്ച. കൂട്ടുകാരനായ പ്രിയദർശന്റെ അമ്മയുടെ പാചക കുറിപ്പ് പ്രകാരമുള്ള മീനായിരുന്നു അത്. എംഎൽ ബ്രാൻഡിന് ലോഗോയും മറ്റും ആയി കഴിഞ്ഞുവെന്ന ചർച്ച ഇതോടെ തുടങ്ങി.

ഈ സംശയത്തിന് ആക്കം കൂട്ടി വ്യവസായിയും മോഹൻലാലിന്റെ സുഹൃത്തുമായ സമീർ ഹംസയും രംഗത്തു വന്നു. സമീർ സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രവും വൈറലാകുകയാണ്. ലോക പ്രശസ്ത ബ്രാൻഡായ മേഴ്‌സിയേഴ്‌സ് ലിയനോർഡും എംഎൽ എന്ന ചുരുക്കെഴുത്തിലാണ് അറിയപ്പെടുന്നത്. സമാനമായി നിരവധി കമ്പനികളുണ്ട്.

എന്നാൽ ഇവരുടെയൊന്നും ലോഗോ അല്ല മോഹൻലാലിന്റെ ബനിയന് പിന്നിലുള്ളത്. അതുകൊണ്ട് എംഎൽ ബ്രാൻഡ് ടി ഷർട്ട് ഉടൻ വിപണിയിൽ എത്തുമെന്നും സൂചനയുണ്ട്. എംഎൽ ബ്രാൻഡ് ടീ ഷർട്ട് അണിഞ്ഞ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് സമീർ പങ്കുവച്ചത്. ബോളിവുഡിൽ സൽമാൻ ഖാൻ, ഹൃതിക് റോഷൻ, വിരാട് കോഹ്‌ലി എന്നിവരുടെ പേരിൽ സ്വന്തം ബ്രാൻഡ് ഉണ്ടെങ്കിലും മലയാളത്തിൽ ആർക്കും ഇങ്ങനെയൊരു സംരംഭം ഇല്ലെന്നതാണ് വസ്തുത.

മോഹൻലാലിന്റെ അടുത്ത സുഹൃത്താണ് സമീർ ഹംസ. ഈയിടെയ സഞ്ജയ് ദത്തിനെ ദുബായിലെ വീട്ടിൽ കാണാൻ പോയപ്പോഴും ലാലിനെ അനുഗമിച്ചത് സമീറായിരുന്നു. കൈയ്ക്ക് പരിക്കേറ്റ് ചികൽസയ്ക്ക് വിധേയനായപ്പോഴും സമീർ കൂടെയുണ്ടായിരുന്നു. മിക്കവാറും എല്ലാ വിദേശ യാത്രയിലും ലാലിനൊപ്പം കൂടുന്ന സമീറും എംഎൽ ബ്രാൻഡിൽ വ്യക്തത വരുത്തുന്നില്ല. അതുകൊണ്ട് എപ്പോൾ എങ്ങനെ എന്നീ ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.