കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്നു പേർ അപകടത്തിൽ മരിച്ച സംഭവത്തിൽ കേസിന്റെ ദൂരൂഹത നീക്കാൻ അന്വേഷണ സംഘം.കാറിനെ പിന്തുടർന്ന ആഡംബര കാറിലെ സംഘത്തെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ പിന്തുടർന്ന കാറിലെ സംഘത്തെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പരോഗമിക്കുന്നത്.

സംഘത്തെ നേരത്തെ ചോദ്യം ചെയതപ്പോൾ കാറിന്റെ വേഗത കുറയ്ക്കുന്നത് പറയാനാണ് പിന്തുടർന്നതെന്നായിരുന്നു പിന്നിലെ കാറിലുണ്ടായിരുന്നുവർ പറഞ്ഞത്.എന്നാൽ ഈ സംഘം അപകടം നടന്ന ശേഷവും ഈ കാറിലുണ്ടായിരുന്നവർ ഇടപ്പള്ളിയിൽനിന്നു തിരിച്ചെത്തി അപകട സ്ഥലം സന്ദർശിക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും വീണ്ടും ചോദ്യം ചെയ്യുന്നത്.

സംഭവത്തിൽ കാർ ചെയ്‌സിങ് നടന്നതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ പിന്തുടർന്നെത്തിയ ആഡംബരക്കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെയാണ് പൊലീസ് ചോദ്യം ചെയ്തത്.എപ്പോൾ വിളിച്ചാലും വരണമെന്ന വ്യവസ്ഥയിൽ ഇയാളെ വിട്ടയക്കുകയായിരുന്നു.ഇപ്പോൾ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഇവർ വീണ്ടും അപകടസ്ഥലം സന്ദർശിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചത്.

ആദ്യം ചോദ്യം ചെയ്തപ്പോൾ കുണ്ടന്നൂരിൽ വാക് തർക്കമല്ല, യുവതികൾ ഉൾപ്പടെയുള്ളവർക്കു ലോഡ്ജിൽ താമസിക്കാം എന്നു പറയുക മാത്രമാണ് ചെയ്തത്. വേഗം കുറച്ചു പോകാൻ പറയുന്നതിനാണ് പിന്തുടർന്നത് എന്നാണ് ഇയാൾ മൊഴി നൽകിയത്.ചോദ്യം ചെയ്യലിനു വിധേയനാക്കിയ സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാൽ വാഹനം ഹോട്ടൽ ഉടമയുടേതല്ല എന്നാണ് വ്യക്തമായിട്ടുള്ളത്.

വേറൊരാളുടെ വാഹനം ഇയാളാണ് ഉപയോഗിക്കുന്നത് എന്നാണ് പൊലീസിനോടു പറഞ്ഞിട്ടുള്ളത്. നിലവിൽ ഹോട്ടൽ ഉടമ എവിടെയാണുള്ളത് എന്ന് അറിയില്ല. ഇയാൾ കേസിൽ പ്രതിയല്ലാത്തതിനാൽ ഒളിവിലാണെന്നു പറയാനാവില്ല. ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് തെളിവു നശിപ്പിച്ചെന്ന പേരിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.ഹോട്ടലിന് ഉള്ളിലെ ദൃശ്യങ്ങൾ ഉള്ള ഹാർഡ് ഡിസ്‌കാണ് പൊലീസിനു ലഭിച്ചിട്ടില്ലാത്തത്. ഇത് അകത്തു നടന്ന ഇടപാടുകളും ഇടപാടുകാരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനുമാകണം നശിപ്പിച്ചു എന്നു പറയുന്നത്.

കൂടുതൽ പരിശോധനയിൽ ഹോട്ടലിനു പുറത്തേയ്ക്കു യുവതികൾ വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതിൽ പെൺകുട്ടികൾ നൃത്തം ചെയ്താണ് ഇറങ്ങി പ്പോകുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.ഡിജെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്. പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

2019 ലെ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരിക്കെ ഈ ആഴ്ച മരിച്ചു.