ന്യൂഡൽഹി: മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി ബിജെപി. യുഎൻ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രസംഗിച്ച ശേഷമാണു പ്രധാനമന്ത്രി ഇന്ത്യയിലേക്കു പുറപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വാദ്യമേളങ്ങളോടെയാണു ബിജെപി നേതാക്കൾ സ്വീകരിച്ചത്.

ഔദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിൽ വന്നിറങ്ങിയ മോദിയെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പടെ നൂറ് കണക്കിന് പ്രവർത്തകരാണ് സ്വീകരിക്കാനായി ഡൽഹി പാലം വിമാനത്താവളത്തിലെത്തിയത്. തന്നെ കാത്തിരുന്നവരെ അഭിവാദ്യം ചെയ്താണ് മോദി വസതിയിലേക്ക് മടങ്ങിയത്.

 

ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, ജനറൽ സെക്രട്ടറിമാരായ അരുൺ സിങ്, തരുൺ ചുഗ്, മുൻ കേന്ദ്രമന്ത്രി ഹർഷ് വർധൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയിരുന്നു. നേതാക്കൾ മോദിയെ വലിയ ഹാരം അണിയിച്ചു. മോദിയുടെ കീഴിലെ ഇന്ത്യയെ ലോകം വ്യത്യസ്തമായാണു കാണുന്നതെന്ന് യുഎസ് സന്ദർശനത്തിലൂടെ വ്യക്തമായതായി നഡ്ഡ പറഞ്ഞു. മോദി രാജ്യാന്തര തലത്തിൽ ഇന്ത്യയെ നേതൃനിരയിലെത്തിച്ചു.

ഇന്ത്യയിലെ ജനങ്ങൾക്കു വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്. മോദി യുഎന്നിൽ നടത്തിയ പ്രസംഗം രാജ്യത്തിന് അഭിമാനമേകുന്നതാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം പുതിയ കാര്യമല്ല. പഴയ അടുപ്പം അവർ പങ്കുവച്ചു. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ചർച്ചകളിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ലോക നേതൃത്വത്തിലെത്തിച്ചതായും നഡ്ഡ പറഞ്ഞു.

 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുടെ തമ്മിലുള്ള സുഹൃത്ത് ബന്ധം ഒരു പുതിയ കാര്യമല്ല. വളരെ കാലം മുൻപ് അവർ ഇരുവരും പരസ്പരമറിയും. രാഷ്ട്രത്തലവന്മാരായ ശേഷവും ആ അടുപ്പവും സ്‌നേഹവും ഇരുവരും പങ്കിടുന്നുണ്ടെന്നും ജെപി നഡ്ഡ പറഞ്ഞു.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം വലിയ വിജയമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിങ്‌ലയും പ്രതികരിച്ചു. മൂന്ന് ദിവസം നീണ്ട യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി വാഷിങ്ടണിലും ന്യൂയോർക്കിലും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരീസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാർക്കൊപ്പം ക്വാഡ് ഉച്ചക്കോടിയിലും മോദി പങ്കെടുത്തു.

ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി അദ്ദേഹവുമായി നേരിട്ടു ചർച്ച നടത്തുന്നത്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും യുഎസ് കമ്പനികളുടെ തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ന്യൂയോർക്കിൽ യുഎൻ പൊതുസഭയിലും അദ്ദേഹം സംസാരിച്ചു.

യുഎന്നിൽ നടത്തിയ പ്രസംഗത്തിനിടെ ആഗോള വാക്സിൻ നിർമ്മാതാക്കളെയും അദ്ദേഹം രാജ്യത്തേക്ക് ക്ഷണിച്ചു. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിൽ രാജ്യത്തിന്റെ പല സുപ്രധാന തീരുമാനങ്ങളും അഭിപ്രായങ്ങളും ലോകത്തിനുമുൻപിൽ അവതരിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ മടക്കം.