ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജേവാറിൽ നിർമ്മിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ലക്ഷ്മണ രേഖ' ഭേദിച്ചുവെന്ന വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹ. ശിലാസ്ഥാപന ചടങ്ങിനെ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്നാണ് യശ്വന്ത് സിൻഹയുടെ വിമർശനം.

രാഷ്ട്രീയക്കാർ പക്ഷപാതപരമായ ലക്ഷ്യങ്ങൾക്കായി ഔദ്യോഗിക ചെലവിൽ സംഘടിപ്പിക്കുന്ന ചടങ്ങുകൾ ഉപയോഗിക്കരുത്. സർക്കാരിന്റെ ഖജനാവിൽ നിന്നുള്ള പണം പാർട്ടി അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനായി ദുരുപയോഗം ചെയ്യരുത്. സർക്കാരിനെയും ഭരണകക്ഷിയെയും വേർതിരിക്കുന്ന ലക്ഷ്മണ രേഖയുണ്ട്. എന്നാൽ ഇന്ന് ആരെങ്കിലും ഈ വ്യത്യാസം ഓർക്കുന്നുണ്ടോ-വാർത്താ കുറിപ്പിൽ സിൻഹ ചോദിച്ചു.

വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ചടങ്ങ് സംഘടിപ്പിച്ചത്. ജേവാറിൽ വിമാനത്താവളം നിർമ്മിക്കുന്നത് സംബന്ധിച്ച ചോദ്യം ഏറെ നാളായി തുടരുകയാണ്. പ്രധാനമന്ത്രി അധികാരത്തിലേറി ഏഴു വർഷത്തിലേറെയായി. എന്തുകൊണ്ടാണ് തറക്കല്ലിടൽ ചടങ്ങ് നേരത്തേ സംഘടിപ്പിക്കാതിരുന്നതെന്നും സിൻഹ ചോദിക്കുന്നു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്രമാത്രം ജനപ്രീതിയുള്ളവരാണെന്ന് ജനങ്ങളെ കാണിക്കാൻ വൻ ജനക്കൂട്ടത്തെ അണിനിരത്താൻ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചു. ഔദ്യോഗിക സംവിധാനങ്ങളുടെ ഇത്തരം ദുരുപയോഗം ചോദ്യം ഉയർത്താനാകാത്തവിധം പതിവായി മാറിയിരിക്കുന്നു.

ഔദ്യോഗിക ചടങ്ങിന്റെ വേഷപ്പകർച്ചയിലുള്ള തിരഞ്ഞെടുപ്പ് റാലി ആയിരുന്നതിനാൽ, എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയെന്നും സിൻഹ ആരോപിച്ചു. നവംബർ 25 നാണ് പ്രധാനമന്ത്രി വിമാനത്താളത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.

യു. പി മുഖ്യമന്ത്രി തന്റെ എതിരാളികളെ അധിക്ഷേപിക്കുന്നു. ജിന്നയെക്കുറിച്ച് താൻ എത്രത്തോളം സംസാരിക്കുന്നുവോ അത്രയും മെച്ചമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വർഗീയ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നതിനെതിരെ നിയമമുണ്ട്. 'അബ്ബാ ജാനെ' കുറിച്ചും ജിന്നയെ കുറിച്ചും പറയുന്നതുപോലെ വ്യക്തമായ വർഗീയ പ്രസംഗങ്ങളിലൂടെ മുഖ്യമന്ത്രി ആദിത്യനാഥ് ഈ നിയമം സ്വതന്ത്രമായും ഇടക്കിടെയും ലംഘിക്കുകയാണ്.

ഭരണഘടനക്ക് കീഴിലുള്ള സാമുദായിക സമാധാനവും സൗഹാർദ്ദവും നിലനിർത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ആളുകളാണ് വർഗീയ വൈറസ് പടർത്തുന്നത്. യു. പി സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ കുറ്റക്കാരൻ. അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പൂർണമായ അനുഗ്രഹത്തോടെയാണ് നടക്കുന്നത്. യു. പിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനാലുമാണ് ഇതെല്ലാം സംഭവിക്കുന്നത് -സിൻഹ പറയുന്നു.