ന്യൂഡൽഹി: രാജ്യത്തെ നോട്ടു നിരോധനത്തിന് നാല് വർഷം പിന്നിടുകയാണ് ഇന്ന്. നാല് വർഷങ്ങൾക്ക് മുമ്പ് ഇതേദിവസം വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് 1000, 500 കറൻസികൾ റദ്ദാക്കിയത്. കള്ളപ്പണത്തിന് എതിരായ പോരാട്ടം എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, ഈ നോട്ടു നിരോധനം കൊണ്ട് രാജ്യത്തിനുണ്ടായത് വലിയ നഷ്ടമായിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് നോട്ടു നിരോധനം വലിയ വിജയമായിരുന്നു എന്നാണ്.

നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'നികുതി കൃത്യമായി അടയ്ക്കുകയും സുതാര്യത കൈവരികയും ചെയ്തു. ഇത് രാജ്യത്തിന്റെ പുരോഗതിയെ ഗുണപരമായി ബാധിച്ചു', മോദി ട്വീറ്റ് ചെയ്തു.

2016 നവംബർ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 1000, 500 കറൻസികൾ റദ്ദാക്കിയത്. കള്ളപ്പണം നിർത്തലാക്കുക, ക്യാഷ്ലെസ് സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 4 വർഷം മുമ്പ് നോട്ടുനിരോധനം നടപ്പാക്കിയത്.

എന്നാൽ നോട്ടുനിരോധനം കൊണ്ട് കള്ളപ്പണം നിർത്തലാക്കാനായില്ല. ഒറ്റ രാത്രി കൊണ്ട് നിരോധിച്ചത് 15.41 ലക്ഷം കോടിയുടെ നോട്ടുകൾ ആണെങ്കിലും 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തി. 2019 ഫെബ്രുവരി വരെ നോട്ടുനിരോധനം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ 1.3 ലക്ഷം കോടി കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

നോട്ടു നിരോധനം നടപ്പാക്കിയ 2016-ൽ 6.32 ലക്ഷം കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. അടുത്ത നാല് വർഷങ്ങളിൽ 18.87 ലക്ഷം കള്ള നോട്ടുകളും. 2019-20ൽ മൊത്തം കള്ളനോട്ടുകളിൽ ബാങ്കുകളിൽ കണ്ടെത്തിയത് 95.4 ശതമാനമാണ്.