ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തെ ശക്തമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ വേഗത്തിലുള്ള നിർണായകമായ നടപടികൾ സ്വീകരിക്കണം. ഈ മഹാമാരിയെ ഇപ്പോൾ പിടിച്ചുകെട്ടിയില്ലെങ്കിൽ രാജ്യവ്യാപകമായി പടർന്നു പിടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനം തടയാൻ ആർടി-പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണം. വാക്‌സിൻ ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ലോകത്തിനാകെ ഉദാഹരണമണ്. നമ്മുടെ രോഗമുക്തി നിരക്ക് 96 ശതമാനവും, മരണനിരക്ക് വളരെ കുറവുമാണ്. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ 70 ജില്ലകളിൽ 150 ശതമാനത്തിലേറെ വർദ്ധന കണ്ടു. ഇതുവരെ സുരക്ഷിത മേഖലകൾ ആയിരുന്ന പല ജില്ലകളിലുമാണ് ഇപ്പോൾ രോഗവർദ്ധന കാണുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ ആർജിച്ച ആത്മവിശ്വാസം അമിത ആത്മവിശ്വാസമായി മാറരുത്. നമ്മൾ നേടിയ വിജയം അശ്രദ്ധയ്ക്ക് കാരണമാകരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

പൊതുജനങ്ങളെ ജാഗ്രതാനടപടികളുടെ പേരിൽ പരിഭ്രാന്തരാക്കേണ്ടതില്ല. ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതില്ല. ചില മുൻകരുതലുകളുെ നടപടികളും സ്വീകരിച്ച് ആളുകളെ ബുദ്ധിമുട്ടിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. വാക്‌സിൻ പാഴായി പോകുന്നത് ഒഴിവാക്കണം. തെലങ്കാനയിലും ആന്ധ്രയിലും 10 ശതമാനത്തിലേറെ വാക്‌സിൻ പാഴാവുന്നുണ്ട്. യുപിയിലും അതുപോലെ തന്നെ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് സംസ്ഥാനങ്ങൾ പരിശോധിക്കണം. എല്ലാദിവലവും വൈകുന്നേരം ഇക്കാര്യം അവലോകനം ചെയ്യണം. മഹാമാരി എത്ര വേഗത്തിൽ ലോകമാകെ വ്യാപിക്കുമെന്ന് നമ്മൾ കണ്ടു. അതുപോലെ തന്നെ പൊതുഭീഷണിയെ നേരിടാൻ ഐക്യത്തോടെ പ്രവർത്തിക്കാമെന്നും ഈ മഹാമാരിക്കാലം തെളിയിച്ചു, മോദി പറഞ്ഞു.

വീഡിയോ കോൺഫറൻസ് വഴി നടത്തിയ അവലോകന യോഗത്തിൽ ബംഗാൾ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല. മമതയും യോഗി ആദിത്യനാഥും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നത്.