ന്യൂഡൽഹി: രാജ്യത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയതിനെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്ന് മോദി പറഞ്ഞു.

വാക്സിന് അനുമതി നൽകിയതിൽ മോദി രാജ്യത്തെ അഭിനന്ദിച്ചു.കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇത് നിർണായക വഴിത്തിരിവാണ്. കോവിഡ് മുക്ത രാജ്യം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ വേഗത പകരും. വാക്സിൻ നിർമ്മാണത്തിൽ പങ്കുവെച്ച ശാസ്ത്രജ്ഞരെയും മോദി ട്വിറ്ററിലൂടെ പ്രത്യേകം അഭിനന്ദിച്ചു.

ഡ്രഗ്സ് കൺട്രോളറാണ് ഇരുവാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ഇരു വാക്സിനുകളും ഫലപ്രദമെന്ന് പറഞ്ഞ ഡ്രഗസ് കൺട്രോളർ ഉപാധികളോടെയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കഴിഞ്ഞദിവസമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നൽകിയത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാർശ നൽകിയത്.

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ. 10 മില്യൺ ഡോസുകൾ ഇതിനകം കോവാക്സിന്റേത് തയ്യാറായിക്കഴിഞ്ഞു. വർഷം 300 മില്യൺ വാക്സിൻ ഡോസുകൾ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ആദ്യ 100 മില്യൺ ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും. കോവിഡ് വാക്സിൻ വികസനത്തിനായി 60 70 മില്യൺ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.

ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വികസിപ്പിച്ചത്. കോവിഷീൽഡിന്റെ അഞ്ച് കോടി ഡോസ് സിറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.