ന്യൂഡൽഹി: കഴിഞ്ഞ നുറ്റാണ്ടിലെ ചില നിയമങ്ങൾ ഇന്ന് രാജ്യത്തിന് ബാധ്യതായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സമഗ്രമായ പരിഷ്‌കരണത്തിലാണ് സർക്കാർ വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.ആഗ്ര മെട്രോ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വിഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

''വികസനത്തിന് പരിഷ്‌കരണം വേണം. കഴിഞ്ഞ നൂറ്റാണ്ടിൽ നല്ലതായിരുന്ന ചില നിയമങ്ങൾ ഇപ്പോൾ രാജ്യത്തിനു ബാധ്യതയായി മാറിയിട്ടുണ്ട്.'' കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാവുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവിതം ആയാസരഹിതമാകണം. നിക്ഷേപം വർധിപ്പിക്കണം. സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

രണ്ടു കോറിഡോളുകളിലായി 29.4 കിലോമീറ്റർ ദൂരത്തിലാണ് ആഗ്ര മെട്രോ നിർമ്മിക്കുന്നത്. 8379.62 കോടിയാണ് പദ്ധതിച്ചെലവ്. താജ് മഹൽ, ആഗ്ര ഫോർട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പദ്ധതി വഴി ബന്ധിപ്പിക്കും. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.