കൊൽക്കത്ത: നേതാജി അനുസ്മരണ സമ്മേളനത്തിൽ രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തെ കുറിച്ചു എടുത്തു പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് മോദി പറഞ്ഞു. കൊൽക്കത്തയിലെ വിക്ടോറിയ മെമോറിയലിൽ നേതാജിയുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.

മഹാമാരിക്കെതിരേ ഇന്ത്യ കരുത്തോടെ പോരാടിയതും മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിൻ സ്വയം ഉല്പാദിപ്പിക്കുന്നതും കോവിഡിനോട് പോരാടാൻ മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമ്മിത വാക്സിൻ എത്തിക്കുന്നതും കാണുകയാണെങ്കിൽ നേതാജി അഭിമാനം കൊള്ളുമായിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കൽ വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ(എൽ.എ.സി.) മുതൽ ലൈൻ ഓഫ് കൺട്രോൾ വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങൾ എവിടെയൊക്ക ഉണ്ടാവുന്നുണ്ടോ, അപ്പോഴെല്ലാം ഇന്ന് ഇന്ത്യ തക്കതായ മറുപടി നൽകുന്നുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.

നേതാജിയുടെ ജീവിതവും പ്രവർത്തനങ്ങളും തീരുമാനങ്ങളും നമുക്കെല്ലാവർക്കും പ്രചോദനമാണെന്നും മോദി പറഞ്ഞു. ദാരിദ്ര്യം, നിരക്ഷരത, അസുഖങ്ങൾ തുടങ്ങിയവയെ രാജ്യത്തിന്റെ വലിയ പ്രശ്‌നങ്ങളായി നേതാജി കണക്കാക്കിയിരുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൗറ-കൽക മെയിൽ തീവണ്ടി നേതാജി എക്സ്‌പ്രസ് എന്ന് പുനർനാമകരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പരിപാടിയുടെ വേദിയിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങി പോയി. ബിജെപി അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് മമത ബാനർജി വേദിയിൽ നിന്നും ഇറങ്ങി പോയത്. പ്രസംഗിച്ച് കൊണ്ടിരിക്കവെ പ്രസംഗം പാതിവഴിയിൽ നിർത്തിവെച്ച് പ്രതിഷേധിച്ച മമത ആളുകളെ വിളിച്ച് വരുത്തി അപമാനിക്കരുതെന്നും പറഞ്ഞു. മുദ്രാവാക്യം വിളിക്കാൻ ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും മമത കൂട്ടിച്ചേർത്തു.

സുഭാഷ് ചന്ദ്ര ബോസിന്റെ 124 ലാം ജന്മദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ബിജെപിയും തൃണമൂൽ കോൺഗ്രസും ഒരേ വേദി പങ്കിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടി സംഘടിപ്പിച്ചതിൽ നന്ദി അറിയിച്ച മുഖ്യമന്ത്രി മമത ബാനർജി താൻ അപമാനിക്കപ്പെട്ടുവെന്ന് വേദിയിൽ വെച്ച് വ്യക്തമാക്കി. നേരത്തെ പ്രസംഗിച്ച് കൊണ്ടിരിക്കവെ ഇന്ത്യയുടെ തലസ്ഥാനമായി ഡൽഹിയെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്ന് മമത ബാനർജി പറഞ്ഞിരുന്നു. തലസ്ഥാനമായി ഡൽഹിയെ മാത്രം പരിഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനങ്ങൾ വേണമെന്നാണ് മമത ആവശ്യപ്പെട്ടത്.