കൊച്ചി: ആലുവ കീഴ്മാട് ഇടയപ്പുറത്ത് ഗാർഹിക പീഡനത്തെതുടർന്ന് അഭിഭാഷക വിദ്യാർത്ഥിനി മോഫിയ പർവിൻ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

നീതിരഹിതമായ സമീപനം പൊലീസ് സ്റ്റേഷനിൽനിന്ന് ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ഡിവൈഎസ്‌പിക്ക് വനിതാ കമീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും.

ഭർത്താവും ഭർതൃവീട്ടുകാരുംചേർന്ന് തന്നെ മാനസീകമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പെൺകുട്ടി റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ പകർപ്പുസഹിതം 17ന് വനിതാ കമീഷനും പരാതി നൽകിയിരുന്നു. ഇതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസിസിനോട് റിപ്പോർട്ട് തേടിയിരുന്നതായും വനിതാ കമീഷൻ അധ്യക്ഷ പറഞ്ഞു.

തിങ്കളാഴ്ച രാത്രി പത്തോടെയാണ് മോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴയിൽ സ്വകാര്യ കോളജിൽ എൽഎൽബി വിദ്യാർത്ഥിയാണ്. പൊലീസിൽ നൽകിയ പരാതിയിൽ ചർച്ചക്കായി യുവതിയെയും ഭർത്താവിനെയും ഭർതൃവീട്ടുകാരെയും തിങ്കളാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു