ആലുവ: ഒടുവിൽ കേരളത്തിലെ തീവ്രവാദികളെ പൊലീസ് കണ്ടെത്തി. പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാൻ ഏതറ്റം വരേയും പോകുമെന്നതിന് തെളിവാണ് നിയമ വിദ്യാർത്ഥി മോഫിയ പർവീണിന്റെ ആത്മഹത്യയെത്തുടർന്നുള്ള സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന് അറസ്റ്റിലായ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ട്.

തീവ്രവാദ ബന്ധം സംശയിക്കുന്നതായി രേഖപ്പെടുത്തിയ 2 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധം ഉൾപ്പെടുത്തിയതു സമരക്കാരോടുള്ള വിരോധം തീർക്കാനും ഒരു കാരണവശാലും ജാമ്യം കിട്ടരുതെന്ന ഗൂഢലക്ഷ്യത്തോടെയുമാണെന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പ്രിൻസിപ്പൽ എസ്‌ഐ ആർ.വിനോദ്, ഗ്രേഡ് എഎസ്‌ഐ രാജേഷ് എന്നിവരെ ഡിഐജി കോറി സഞ്ജയ്കുമാർ ഗുരുഡിൻ ആണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

റിമാൻഡ് റിപ്പോർട്ട് തയാറാക്കിയതിലെ വീഴ്ച അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മുനമ്പം ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി. കേസിൽ കോടതി പ്രതികൾക്കു താൽക്കാലിക ജാമ്യം നൽകിയിരുന്നു. കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് അൽഅമീൻ അഷ്‌റഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ. നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെ വെള്ളിയാഴ്ച പുലർച്ചെ 2നു പൊലീസ് വീടുവളഞ്ഞാണു പിടികൂടിയത്.

രാഷ്ട്രീയ സമരത്തിൽ പങ്കെടുത്തവരെ പിടികിട്ടാപ്പുള്ളികളെപ്പോലെ രാത്രി വീടുകയറി അറസ്റ്റ് ചെയ്യുകയും തീവ്രവാദ ബന്ധം ആരോപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കു കത്ത് നൽകിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അടിയന്തര അന്വേഷണം നടത്തിയാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. അതിവേഗ നടപടികളുണ്ടായി.

ഗാർഹിക പീഡനത്തെത്തുടർന്നു ഭർതൃവീട്ടുകാർക്കും ആലുവയിലെ പൊലീസ് ഇൻസ്‌പെക്ടർക്കും എതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി നവംബർ 22നാണ് എടയപ്പുറം കക്കാട്ടിൽ ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ ജീവനൊടുക്കിയത്. കോൺഗ്രസ് സമരത്തെത്തുടർന്ന് ഇൻസ്‌പെക്ടർ സി.എൽ.സുധീറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സുധീറിനോട് താൽപ്പര്യമുള്ള ഉദ്യോഗസ്ഥരാണ് റിമാൻഡ് റിപ്പോർട്ടിന് പിന്നിലെന്നും ആരോപണമുണ്ട്.

ഇടതു സർക്കാറിന്റെ ന്യൂനപക്ഷ വേട്ടയുടെ നേർ ചിത്രമാണ് കസ്റ്റഡി അപേക്ഷയിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു ഇസ്ലാം നാമധാരികൾ ആയതിന്റെ പേരിൽ മാത്രം കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദ മുദ്ര കുത്താൻ ശ്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പൊതു പ്രവർത്തകർക്കെതിരെ മനപ്പൂർവ്വം വിരോധം വെച്ചു തീവ്രവാദ ബന്ധം ആരോപിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇതോടെ പൊലീസിന്റെ ആരോപണം കോടതി തള്ളി.

പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹവും ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും, അതിന്റെ പ്രവർത്തകരോടുമുള്ള അവഹേളനമാണ് റിമാൻഡ് റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നത്. ഈ തീവ്രവാദി ബന്ധം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് സർക്കാരിന്റെ അറിവോടുകൂടി ആണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.