മുംബൈ: വീണ്ടും ചർച്ചകൾക്ക് വഴിവെച്ച് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന. ഇന്ത്യയുടെയും ചൈനയുടെയും ടെക്‌നോളജിയെക്കുറിച്ചുള്ള പരാമർശങ്ങളാണ് പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നത്.'ഇന്റർനെറ്റും ടെക്നോളജിയുമെല്ലാം ധാരാളം ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ നമ്മുടെ രാജ്യത്ത് യഥാർത്ഥ ടെക്നോളജി ഇല്ല. എല്ലാം പുറത്ത് നിന്ന് വരുന്നതാണ്. ചൈനയെക്കുറിച്ചും ചൈനീസ് ഉൽപന്നങ്ങൾ ബോയ്ക്കോട്ട് ചെയ്യുന്നതിനെക്കുറിച്ചും നമ്മുടെ സമൂഹം എത്ര ശബ്ദിച്ചിട്ടും കാര്യമില്ല. ചൈനയെ ആശ്രയിക്കുന്നിടത്തോളം കാലം അവർക്ക് മുന്നിൽ തലകുനിക്കേണ്ടി വരും,' മോഹൻ ഭാഗവത് പറയുന്നു.

സ്വദേശിയെന്നാൽ എല്ലാത്തിനെയും തള്ളിക്കളയുന്നതല്ല, അന്താരാഷ്ട്ര വ്യാപാരം നിലനിൽക്കും, പക്ഷേ നമ്മുടെ ടേമുകൾക്കനുസരിച്ചായിരിക്കണമെന്ന് മാത്രം. ഞങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിന് എതിരല്ല, പക്ഷേ നമ്മുടെ ഉൽപാദനം ഗ്രാമങ്ങളിലാണ് നടക്കേണ്ടത്. രാജ്യകേന്ദ്രീകൃതമായ ഉൽപാദനം ഇന്ത്യയുടെ തൊഴിൽ സാധ്യതകളെ വർധിപ്പിക്കുകയാണ് ചെയ്യുക. അതേസമയം സർക്കാർ പ്രവർത്തിക്കേണ്ടത് ഒരു റെഗുലേറ്റർ പോലെയാണ്. സ്വന്തമായി ബിസിനസ് ചെയ്യുകയല്ല സർക്കാർ ചെയ്യേണ്ടത്,' എന്നായിരുന്നു മോഹൻ ഭാഗവതിന്റെ വാക്കുകൾ.

75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സ്‌കൂളിൽ പതാക ഉയർത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ സമ്പദ്ഘടനയും വിദ്യാഭ്യാസ വ്യവസ്ഥിതികളും ബ്രിട്ടീഷുകാർ തകർത്തെന്നും വിദേശികൾക്കും ഇന്ത്യൻ പണ്ഡിതന്മാർക്കും പണം നൽകി ഇഷ്ടത്തിനനുസരിച്ച് കെട്ടിച്ചമച്ച പുസ്തകങ്ങൾ സൃഷ്ടിച്ചുവെന്നും മോഹൻ ഭാഗവത് കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു.