പാലക്കാട്: ഷാജി കൈലാസും മോഹൻലാലും 12 വർഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'എലോൺ' എന്നാണ് സിനിമയുടെ പേര്. 'ഷാജിയുടെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാർഥ നായകൻ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും', എന്ന മുഖവുരയോടെയായിരുന്നു മോഹൻലാലിന്റെ പ്രഖ്യാപനം. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.


ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആശിർവാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ 2000ൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിന്റെ ലോഞ്ചിങ് ചിത്രം.

2009ൽ പുറത്തെത്തിയ ക്രൈം ത്രില്ലർ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുൻപ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച രാജേഷ് ജയരാമനാണ് 'എലോണി'നും തിരക്കഥ ഒരുക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി 'കടുവ' എന്ന ചിത്രം ഷാജി കൈലാസ് ആരംഭിച്ചിരുന്നു. ഏപ്രിൽ 16ന് ആദ്യ ഷെഡ്യൂൾ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ഒരുപക്ഷേ ആദ്യം പൂർത്തിയാവുക മോഹൻലാൽ ചിത്രമായിരിക്കും.

പൂർത്തിയായതും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളതുമായ നിരവധി പ്രോജക്റ്റുകളാണ് മോഹൻലാലിന്റേതായി പുറത്തുവരാനുള്ളത്. പ്രിയദർശന്റെ മരക്കാർ, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്നിവ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി റിലീസ് തീയതി കാത്തിരിക്കുന്നവയാണ്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത്ത് മാന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ജീത്തുവിന്റെ തന്നെ മറ്റൊരു ചിത്രമായ റാം, ലൂസിഫർ രണ്ടാംഭാഗമായ എമ്പുരാൻ, ഒപ്പം തന്റെ സംവിധാന അരങ്ങേറ്റമായ ബറോസും മോഹൻലാലിന് പൂർത്തിയാക്കേണ്ട പ്രോജക്റ്റുകളാണ്.