കോഴിക്കോട്: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് അഭിനന്ദിച്ച് നടൻ മോഹൻലാലും. ഹൈദരാബാദിൽ ഷൂട്ടിങ്ങിൽ ആയതിനാൽ ഫോണിൽ വിളിച്ചായിരുന്നു ശ്രീജേഷിനെ മോഹൻലാൽ അഭിനന്ദിച്ചത്.എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്നും നാട്ടിലെത്തിയപ്പോൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ലാൽ വ്യക്തമാക്കി.

കൂടാതെ ഇപ്പോൾ താൻ ഹൈദരാബാദിലാണ് ഉള്ളതെന്നും വന്നതിന് ശേഷം നേരിട്ട് കാണാമെന്നും മോഹൻലാൽ ശ്രീജേഷിനോട് പറഞ്ഞു.

നടൻ മമ്മൂട്ടിയും ശ്രീജേഷിനെ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിൽ എത്തിയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.

ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറായ ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും തീരുമാനമായിട്ടുണ്ട്.