തിരുവനന്തപുരം: 'മരക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ തിയേറ്റർ റിലീസിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമെന്ന് നടൻ മോഹൻലാൽ. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിന് നൽകിയിരുന്നില്ലെന്നും തിയറ്റർ റിലീസ് എന്നത് തീരുമാനിച്ച ശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടതെന്നും മോഹൻലാൽ പ്രതികരിച്ചു. തിയറ്റർ റിലീസിനു ശേഷം ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തീയേറ്റർ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. തീർച്ചയായും തീയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിലും എത്തും'. മോഹൻലാൽ പറഞ്ഞു.

തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ല. താൻ ബിസിനസുകാരൻ തന്നെയാണ്. 100 കോടി മുടക്കിയാൽ 105 കോടി കിട്ടണം എന്ന് കരുതുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. എന്റെയും പ്രിയദർശന്റെയും സ്വപ്നമാണ് 'കുഞ്ഞാലിമരക്കാർ'. തീർച്ചയായും മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാർ. ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത് ഹൈദരാബാദ് ഫിലിം സിറ്റിയിലാണ്. മൂന്ന് കപ്പലുകൾ ഇതിനായി നിർമ്മിച്ചു.'മോഹൻലാൽ പറഞ്ഞു.

'അമർചിത്ര കഥകളോട് സാദൃശ്യപ്പെടുത്തിയായിരുന്നു 'ബാഹുബലി'യുടെ മേക്കിങ്ങെങ്കിൽ റിയലിസ്റ്റിക് സമീപനമായിരുന്നു മരക്കാറിന്. വെള്ളത്തിൽ വച്ചുള്ള ഷൂട്ടിങ് ആണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. യുകെ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു വിഎഫ്എക്‌സ് ഏറ്റെടുത്തത്. സിനിമയുടെ ഷൂട്ടിനു ശേഷം ഒരു വർഷമാണ് വിഎഫ്എക്‌സ് ചെയ്യാനുള്ള സമയം പറഞ്ഞത്. ഇതിനു മുമ്പ് 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ' എന്നൊരു ചിത്രം വന്നിരുന്നു. ഞാൻ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയല്ല. അതൊക്കെ ഞങ്ങൾക്കൊരു പാഠമായിരുന്നു. പെർഫെക്ഷനു വേണ്ടി മാക്‌സിമം ട്രൈ െചയ്തിട്ടുണ്ട്.'മോഹൻലാൽ വ്യക്തമാക്കി.

കാത്തിരുപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് മരക്കാർ ലോകവ്യാപകമായി റിലീസിനെത്തുന്നത്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. പോയവർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമ്മാതാക്കളാണ്.
സാബു സിറിലാണ് കലാ സംവിധായകൻ. തിരു ആണ് ഛായാഗ്രഹണം

ട്രെയ്‌ലർ, ടീസർ, പാട്ടുകൾ, പോസ്റ്ററുകൾ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകൾക്ക് വൻ പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാത്തുകാത്തിരുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ. റിലീസ് ദിനത്തിൽ കേരളത്തിൽ മാത്രം ചിത്രത്തിന് അറുനൂറിലധികം ഫാൻസ് ഷോകൾ ആണുള്ളത്. പ്രധാന കേന്ദ്രങ്ങളിലൊക്കെ ഡിസംബർ 2 അർധരാത്രി മുതൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കും.

പ്രിയദർശന്റെയും മോഹൻലാലിന്റെയും സ്വപ്‌ന പ്രോജക്റ്റ് കൂടിയാണ് ഇത്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രവുമാണ് മരക്കാർ. കോവിഡ് എത്തുന്നതിന് മുൻപ് തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഒന്നര വർഷത്തിലേറെ നീണ്ടുപോയി. രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകൾ തുറന്ന സമയത്ത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നാലെ തിയറ്റർ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.