ദുബായ്: മലയാള സിനിമയിലെ ബിഗ് ബ്രദറും  ബോളിവുഡിന്റെ ബാബയും വീണ്ടും ഒരുമിച്ചു. മോഹൻലാൽ ഇത്തവണയും ദീപാവലി ആഘോഷിച്ചത് സഞ്ജയ് ഭായിക്കൊപ്പം. മോഹൻലാലും ഭാര്യ സുചിത്രയും കൂട്ടുകാരൻ സമീർ ഹംസയുമാണ് ദീപാവലിക്ക് ദുബായിലെ സഞ്ജയ് ദത്തിന്റെ വീട്ടിൽ ഒത്തുകൂടിയത്.

കഴിഞ്ഞ വർഷവും ദീപാവലി മോഹൻലാൽ ആഘോഷിച്ചത് സഞ്ജയ് ദത്തിനൊപ്പമായിരുന്നു. ഇത്തവണ ഭാര്യയും കൂട്ടിയാണ് ലാൽ സഞ്ജയ് ദത്തിന്റെ വീട്ടിൽ ആഘോഷത്തിന് എത്തിയത്. എമ്പുരാനിലൂടെ സഞ്ജയ് ദത്ത് മലയാളത്തിലെത്തുന്നുവെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. സിനിമാ ചർച്ചകൾക്കപ്പുറം ദീപാവലിയുടെ സന്തോഷം പങ്കുവയ്ക്കാനായിരുന്നു ഇത്തവണയും മോഹൻലാൽ കുടുംബത്തോടെ എത്തിയത്.

കഴിഞ്ഞ വർഷം ദീപാവലിക്ക് മുന്നോടിയായുള്ള മോഹൻലാൽ- സഞ്ജയ് ദത്ത് കൂടിക്കാഴ്ചയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. സഞ്ജയ് ദത്തും, ഭാര്യ മാന്യതയും കുട്ടികളും ചേർന്നായിരുന്നു മോഹൻലാലിനെ ദീപാവലിക്ക് വരവേറ്റത്. ഒപ്പം മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയും അന്നും ഉണ്ടായിരുന്നു.

2020ലെ ചിത്രങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകർ ഈ കൂടിക്കാഴ്ചയുടെ വിവരം പുറത്തറിയുന്നത്. കൂടാതെ സഞ്ജയ്ദത്തിന്റെ ഭാര്യ മാന്യത അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ സമീറും ചിത്രങ്ങളും വീഡിയോയും പങ്കിട്ടു.

2020ലെ ആ കൂടിക്കാഴ്ചയിൽ നടന്ന രസകരമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. മോഹൻലാൽ എന്ന ഗായകന്റെ പ്രതിഭ ആസ്വദിക്കാനുള്ള അവസരം കൂടി അന്ന് സഞ്ജയ് ദത്തിന് ലഭിക്കുകയുണ്ടായി. 'ബോബി' എന്ന ബോളിവുഡ് സിനിമയിലെ 'മേം ഷായർ തോ നഹീ' എന്ന് ഋഷി കപൂർ ഗാനമാണ് മോഹൻലാൽ അന്ന് ആലപിച്ചത്. ഈ ആഘോഷവേളയിൽ അല്ല എങ്കിലും ഒരിക്കൽ മോഹൻലാൽ പാടിയ ഗാനം സ്‌ക്രീനിൽ ആസ്വദിക്കുന്ന സഞ്ജയ്ദത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

2019ൽ മൈസൂരിൽ വച്ച് സഞ്ജയ് ദത്ത്-മോഹൻലാൽ കൂടിക്കാഴ്ച നടന്നിരുന്നു. 'ബിഗ് ബ്രദർ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മോഹൻലാലും സംഘവും മൈസൂരിൽ എത്തിയ വേളയിലാണ് ഇവർ കണ്ടുമുട്ടിയത്. യാദൃശ്ചികമായി ഇരുവരും ഒരേ ഹോട്ടലിൽ തന്നെയായിരുന്നു താമസവും. കെജിഎഫ് രണ്ടിന്റെ ഷൂട്ടിംഗിനാണ് ദത്ത് അന്ന് മൈസൂരുവിൽ എത്തിയത്.

ഒരു ദിവസം ഏവർക്കുമായി സഞ്ജയ് ദത്ത് ഒരുക്കിയ വിരുന്നിനിടെ പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇതോടുകൂടി സഞ്ജയ് ദത്ത് വരാനിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ വില്ലൻ വേഷം ചെയ്യുമോ എന്ന ചോദ്യവും ഉയർന്നിരുന്നു.