ദുബായ്: ഈ ദീപാവലിക്കും അവർ ഒരുമിച്ചായിരുന്നു. മോഹൻലാലും സഞ്ജയ് ദത്തും. ബോളിവുഡിലേയും മോളിവുഡിലേയും സൂപ്പർ താരങ്ങൾ തുടർച്ചയായ രണ്ടാം വർഷവും ദീപാവലി ആഘോഷിച്ചത് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇപ്പോഴിതാ ആഘോഷ രാവിൽ എടുത്ത ചിത്രങ്ങളും പുറത്ത്. സഞ്ജയ് ദത്തുമുള്ള അടുപ്പം വ്യക്തമാക്കി മോഹൻലാലാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തൊട്ടു പിന്നാലെ മോഹൻലാലിന്റേയും സഞ്ജയ് ദത്തിന്റേയും സുഹൃത്തായ സമീർ ഹംസ കുടുംബങ്ങളുടെ ഒത്തുചേരൽ വ്യക്തമാക്കുന്ന ചിത്രവും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്‌ളാറ്റിലായിരുന്നു ആഘോഷം. മോഹൻലാലും ഭാര്യ സുചിത്രയ്ക്കുമൊപ്പം സമീറും ദത്തിന്റെ വീട്ടിലെത്തി. കഴിഞ്ഞ തവണ ഭാര്യയെ കൂട്ടാതെയാണ് മോഹൻലാൽ സഞ്ജയ് ദത്തിനെ കാണാനെത്തിയത്. ഇത്തവണ കുടുംബ സമേതമായി ആഘോഷം. ഒപ്പം സമീർ ഹംസയും. മോഹൻലാലും സഞ്ജയ് ദത്തുമായുള്ള സൗഹൃദത്തിന് പിന്നിലെ ചരടാണ് സമീർ. ഇത് തന്നെയാണ് ഇന്നലെയുള്ള കൂടിക്കാഴ്ചയിലും നിറയുന്നത്. മോഹൻലാൽ ചിത്രമായ എമ്പുരാനിൽ സഞ്ജയ് ദത്ത് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുമെന്നും സൂചനകളുണ്ട്.

കഴിഞ്ഞ വർഷവും ദീപാവലി മോഹൻലാൽ ആഘോഷിച്ചത് സഞ്ജയ് ദത്തിനൊപ്പമായിരുന്നു. സിനിമാ ചർച്ചകൾക്കപ്പുറം ദീപാവലിയുടെ സന്തോഷം പങ്കുവയ്ക്കാനായിരുന്നു ഇത്തവണയും മോഹൻലാൽ കുടുംബത്തോടെ എത്തിയത്. കഴിഞ്ഞ വർഷം ദീപാവലിക്ക് മുന്നോടിയായുള്ള മോഹൻലാൽ- സഞ്ജയ് ദത്ത് കൂടിക്കാഴ്ചയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. സഞ്ജയ് ദത്തും, ഭാര്യ മാന്യതയും കുട്ടികളും ചേർന്നായിരുന്നു അന്ന് മോഹൻലാലിനെ ദീപാവലിക്ക് വരവേറ്റത്. സമീർ ഹംസയും അന്നും ഉണ്ടായിരുന്നു.

2020ലെ ചിത്രങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകർ ഈ കൂടിക്കാഴ്ചയുടെ വിവരം പുറത്തറിയുന്നത്. കൂടാതെ സഞ്ജയ്ദത്തിന്റെ ഭാര്യ മാന്യത അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ സമീറും ചിത്രങ്ങളും വീഡിയോയും പങ്കിട്ടു.

 
 
 
View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)

2020ലെ ആ കൂടിക്കാഴ്ചയിൽ നടന്ന രസകരമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. മോഹൻലാൽ എന്ന ഗായകന്റെ പ്രതിഭ ആസ്വദിക്കാനുള്ള അവസരം കൂടി അന്ന് സഞ്ജയ് ദത്തിന് ലഭിക്കുകയുണ്ടായി. 'ബോബി' എന്ന ബോളിവുഡ് സിനിമയിലെ 'മേം ഷായർ തോ നഹീ' എന്ന് ഋഷി കപൂർ ഗാനമാണ് മോഹൻലാൽ അന്ന് ആലപിച്ചത്. ഈ ആഘോഷവേളയിൽ അല്ല എങ്കിലും ഒരിക്കൽ മോഹൻലാൽ പാടിയ ഗാനം സ്‌ക്രീനിൽ ആസ്വദിക്കുന്ന സഞ്ജയ്ദത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

2019ൽ മൈസൂരിൽ വച്ച് സഞ്ജയ് ദത്ത്-മോഹൻലാൽ കൂടിക്കാഴ്ച നടന്നിരുന്നു. 'ബിഗ് ബ്രദർ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മോഹൻലാലും സംഘവും മൈസൂരിൽ എത്തിയ വേളയിലാണ് ഇവർ കണ്ടുമുട്ടിയത്. യാദൃശ്ചികമായി ഇരുവരും ഒരേ ഹോട്ടലിൽ തന്നെയായിരുന്നു താമസവും. കെജിഎഫ് രണ്ടിന്റെ ഷൂട്ടിംഗിനാണ് ദത്ത് അന്ന് മൈസൂരുവിൽ എത്തിയത്. ഒരു ദിവസം ഏവർക്കുമായി സഞ്ജയ് ദത്ത് ഒരുക്കിയ വിരുന്നിനിടെ പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.