പാലക്കാട്: 12 വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹൻ ലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'എലോൺ'. ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് പുത്തൻ ഗെറ്റപ്പിലാണ്.

ഹെയർസ്‌റ്റൈലിലും വസ്ത്രധാരണത്തിലും സമീപകാല ചിത്രങ്ങളിൽ നിന്ന് വേറിട്ട രീതിയിലാണ് മോഹൻലാൽ എത്തുക. ചിത്രത്തിന്റെ ബിഹൈൻഡ് ദ് സീൻസ് വീഡിയോ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിട്ടു.

12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച് ഒരു സിനിമ വരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആശിർവാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ 2000ൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിന്റെ ലോഞ്ചിങ് ചിത്രം.

2009ൽ പുറത്തെത്തിയ ക്രൈം ത്രില്ലർ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുൻപ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിങ് ഡോൺ മാക്‌സ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, സ്റ്റിൽസ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്റെ പ്രധാന അണിയറക്കാർ