പറ്റ്‌ന: സമാനതകളില്ലാ വിധി പ്രസ്താവവുമായി നമ്മുടെ കോടതികൾ പലപ്പോഴും ചിരിപ്പിക്കാറും ചിന്തിപ്പിക്കാറുമുണ്ട്. ബലാത്സംഗം ചെയ്ത കുട്ടിയെ വിവാഹം കഴിക്കാൻ പറഞ്ഞതും അപമര്യാദയായി പെരുമാറിയ യുവാവിനെക്കൊണ്ട് കയ്യിൽ രാഖി കെട്ടിച്ചതുമൊക്കെ ഇത്തരത്തിൽ ശ്രദ്ധനേടിയ വിധി പ്രസ്താവങ്ങളായിരുന്നു.

അക്കൂട്ടത്തിലേക്ക് വേറിട്ട മറ്റൊരു വിധിയുമായി എത്തിയിരിക്കുകയാണ് ബിഹാരിലെ മധുബാനി ജില്ലയിലെ ജഞ്ചർപുരിലെ കോടതി. സ്ത്രിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് വിധിച്ചത് ഗ്രാമത്തിലെ എല്ലാ സ്ത്രികളുടെയും വസ്ത്രം സൗജന്യമായി അലക്കി ഉണക്കി ഇസ്തരിയിട്ടുകൊടുക്കുവാനുള്ള ഉത്തരവ്. അതും ഒരു ദിവസത്തേക്കൊന്നുമല്ല.. ആറുമാസത്തേക്ക് ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

20 വയസുള്ള അലക്കു ജോലി ചെയ്യുന്ന ലലൻ കുമാറിനാണ് അസാധാരാണ ഉപാധിയോടെ ജഡ്ജി അവിനാഷ് കുമാർ ജാമ്യം അനുവദിച്ചത്. പ്രതിക്ക് 20 വയസ്സ് മാത്രമേയുള്ളൂവെന്നും മാപ്പ് നൽകണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. സാമൂഹ്യ സേവനത്തിന് പ്രതി തയ്യാറാണന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ജാമ്യത്തുക കെട്ടിവെയ്ക്കാനും കോടതി ഉത്തരവിട്ടു. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കാൻ വേണ്ടിയാണ് യുവാവിന് ഈ ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.

ആറു മാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങൾ സൗജ്യന്യമായി അലക്കി തേച്ചു കൊടുക്കണം. ഏകദേശം രണ്ടായിരം സ്ത്രീകളുടെ വസ്ത്രങ്ങൾ ഇത്തരത്തിൽ അലക്കി തേക്കേണ്ടി വരും. ഇത് കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഗ്രാമമുഖ്യനേയും കോടതി ചുമതലപ്പെടുത്തി. ഗ്രാമമുഖ്യന്റെ സാക്ഷ്യപത്രം പ്രതി കോടതിയിൽ ഹാജരാക്കുകയും വേണം.

നേരത്തെ ജഡ്ജി അവിനാഷ് കുമാർ കവർച്ചാ കേസിൽ അറസ്റ്റിലായ രണ്ടു പേർക്ക് ജാമ്യം അനുവദിച്ചതും അപൂർവമായ ഉത്തരവിലൂടെയാണ്. ദളിത് വിഭാഗത്തിലുള്ള അഞ്ച് കുട്ടികൾക്ക് എല്ലാ ദിവസവും അര ലിറ്റർ പാൽ നൽകാനാണ് കവർച്ചാ കേസിൽ അറസ്റ്റിലായ ശിവജി മിശ്രയോടും അശോക് മിശ്രയോടും കോടതി ആവശ്യപ്പെട്ടത്. ഇതു ആറു മാസം തുടരണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.