കൊച്ചി: ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വമ്പൻ തട്ടിപ്പ് നടത്തി വന്നിരുന്ന ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൺസൺ മാവുങ്കൽ(52) കഴിഞ്ഞ ദിവസം സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലാകാൻ ഇടയായത് പന്തളത്തെ വിവാദ വ്യവസായ പ്രമുഖന്റെ പരാതി.

പന്തളം കുളനടയിലെ ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രൻ പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായപ്പോഴാണ് മോൻസൺന്റെ തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശികൾ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. തുടർന്നാണ് അറസ്റ്റ് നടക്കുന്നതും. ഏതാനം നാളുകൾ മുൻപ് ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രന്റെ പക്കൽ നിന്നും ഇയാൾ 7 കോടിയോളം രൂപ കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാതിരുന്നതോടെ പന്തളം പൊലീസ് സ്റ്റേഷനിൽ പിള്ള പരാതി നൽകി.

പരാതി നൽകുക മാത്രമല്ല, ചേർത്തലയിലെ വീട്ടിൽ നിന്നും മുന്തിയ ഇനം വാഹനങ്ങളും പിള്ള പിടിച്ചെടുത്തു. വാഹനം പിടിച്ചെടുത്തതോടെ പ്രകോപിതനായ മോൻസൺ ഡി.ജി.പിക്ക് പരാതി നൽകുകയും പിന്നീട് ആ കേസ് ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കുകയുമായിരുന്നു. മോൻസൺ പരാതിയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ വാസ്തവിരുദ്ധമാണെന്നും രാജേന്ദ്രൻ പിള്ളയ്ക്ക് പണം കൊടുക്കാനുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ വിവരങ്ങൾ കോഴിക്കോട് സ്വദേശികൾ അറിഞ്ഞതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കേസ് എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് അസി.കമ്മീഷ്ണർ റെക്സ് ബോബി അർവിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇയാൾ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു. എന്നാൽ പലപ്പോഴും ഇയാൾ ക്രൈംബ്രാഞ്ച് സംഘത്തിന്റെ കയ്യിൽ നിന്നും വഴുതി പോയിരുന്നു. ചേർത്തലയിലെ വീട്ടിൽ വല്ലപ്പോഴും മാത്രമേ ഇയാൾ എത്തിയിരുന്നുള്ളൂ. മുഴുവൻ സമയം കൊച്ചി കലൂരിലെ വാടക വീട്ടിലായിരുന്നു. ഇവിടെ രണ്ടിടവും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇതിനിടയിലാണ് ശനിയാഴ്ച ഇയാളുടെ മകളുടെ വിവാഹ നിശ്ചയം ചേർത്തലയിൽ നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്. മഫ്തിയിലെത്തിയ സംഘം ഇയാളെ ഇവിടെ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ സുരക്ഷക്കായി മോൻസൺ കൊണ്ടു നടന്നിരുന്ന ഗുണ്ടകൾ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴാണ് വർഷങ്ങൾ പഴക്കമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന പല പുരാവസ്തുക്കളും ചേർത്തലയിലെ ആശാരി നിർമ്മിച്ചതാണെന്ന് മനസ്സിലാകുന്നത്.

പണം കടം കൊടുത്ത എം.കെ രാജേന്ദ്രൻ പിള്ള മുൻപ് നാഗാലാൻഡ് ഡി.വൈ.എസ്‌പി ആയിരുന്നു. നോട്ട് നിരോധന സമയത്ത് നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയ സംഭവം പുറത്ത് വന്നതോടെയാണ് ഇയാൾ വിവാദത്തിൽ പെടുന്നത്. രാജേന്ദ്രൻ പിള്ളയുടെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആയിരം കോടിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നാഗാലാൻഡ് ഗവൺമെന്റിന് റിപ്പോർട്ട് നൽകിയതോടെ റിട്ടയർമെന്റിന് ശേഷം ട്രാഫിക് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ജോലിയിൽ നിന്നും ഇയാളെ പുറത്താക്കി.

കോൺസ്റ്റബിളായിട്ടാണ് പിള്ള നാഗാലാൻഡ് പൊലീസിൽ കയറുന്നത്. പിന്നീട് ഡി.വൈ.എസ്‌പിയായിട്ടാണ് വിരമിക്കുന്നത്. കോൺസ്റ്റബിളായി സർവീസിൽ കയറിയ ഒരാൾക്ക് ഊഹിക്കാൻപോലും കഴിയാത്തവിധത്തിൽ പിള്ള സമ്പാദിച്ചു കൂട്ടിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ജൂവലറി, വസ്ത്രശാലകൾ, ആറന്മുളയിലും നാഗാലാൻഡിലും സ്‌കൂൾ, റിസോർട്ടുകൾ തുടങ്ങി വിവിധ മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ഡൽഹിയിൽ മൂന്നും ബെംഗളൂരുവിൽ രണ്ടും ഫ്‌ളാറ്റുകൾ ഉണ്ട്.

ബെംഗളൂരുവിൽ വാണിജ്യസ്ഥാപനങ്ങളുമുണ്ട്. മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങളുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കുതിച്ചുകയറ്റമുണ്ടായതാണ് കൂടുതൽ സംശയത്തിനിടയാക്കിയത്. നിരവധി റിസോർട്ടുകൾ ഇവർ സ്വന്തമാക്കിയിരുന്നു. കേരളത്തിൽ മാത്രം 200 കോടിയിൽപരം വസ്തുവകകൾ ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഒരാളെ കബളിപ്പിച്ച് 7 കോടി തട്ടിയെടുക്കാൻ ശ്രമിച്ചതാണ് മോൻസൺ യുഗത്തിനന്ത്യം കുറിക്കാൻ ഇടായായത്.

ഇന്നലെ രാത്രിയിൽ തെളിവെടുപ്പുകൾ പൂർത്തിയാക്കി മോൻസണെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.