ജബൽപൂർ: ഒരുലക്ഷം രൂപ അടിച്ചുമാറ്റിയ കുരങ്ങൻ 56000 രൂപ മടക്കി കൊടുത്തു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഗതാഗത കുരുക്കിൽപ്പെട്ട് നിർത്തിയിട്ട ഓട്ടോയിൽ നിന്നാണ് ഒരു ലക്ഷം കവർന്ന് കള്ളൻ കടന്നത്. ജബൽപൂരിലെ കതവ് ഗട്ടിലാണ് സംഭവം നടന്നതെന്ന് മജോലി പൊലീസ് പറഞ്ഞു.

പണത്തിന്റെ ഉടമയും രണ്ടു സുഹൃത്തുക്കളുമാണ് ഓട്ടോയിൽ യാത്ര ചെയ്തിരുന്നത്. ഗതാഗത കുരുക്കിൽ പെട്ടപ്പോൾ കാരണമറിയാൻ മൂവരും പുറത്തിറങ്ങിയപ്പോഴാണ് കുരങ്ങൻ പണമടങ്ങിയ ടവ്വൽ മോഷ്ടിച്ചത്. ടവ്വലുമായി കുരങ്ങൻ ഓടി മരത്തിൽ കയറിയതും കെട്ടഴിഞ്ഞ് പണമെല്ലാം റോഡിൽ വീണു. റോഡിൽ നിന്നും സമീപത്തു നിന്നുമായി 56000 രൂപ മാത്രമാണ് ഉടമയ്ക്ക് തിരിച്ചു കിട്ടിയത്.

ബാക്കി തുക നഷ്ടപ്പെട്ടു. ഈ പ്രദേശത്ത് ആളുകൾ കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ചില സമയങ്ങളിൽ വാഹനങ്ങളിൽ ഇവ അതിക്രമിച്ച് കയറാറുണ്ടെന്നും പൊലീസ് പറഞ്ഞു. സമീപ പ്രദേശത്തൊന്നും സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ബാക്കി പണം ആരാണ് മോഷ്ടിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മജോലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സച്ചിൻ സിങ് പറഞ്ഞു.