തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്റലിജൻസ് അന്വേഷണം. ട്രാഫിക് ഐ.ജി ജി.ലക്ഷ്മൺ, മുൻ ഡി.ഐ.ജി സുരേന്ദ്രൻ, ചേർത്തല സിഐ ശ്രീകുമാർ തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവർക്കെതിരെ നടപടി സ്വീകരിക്കുക.

ഐ.ജി ലക്ഷമണയാണ് ഏറ്റവും ഗുരുതരമായ ആരോപണം നേരിടുന്നത്. മോൻസണെതിരായ അന്വേഷണങ്ങൾ വരെ വഴിതിരിച്ചുവിടാൻ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നടത്തിയ ഇടപെടലുകളാണ് ഇദ്ദേഹത്തിന് വിനയായത്. മോൻസണുമായി മുൻ ഡി.ഐ.ജി സുരേന്ദ്രനും സിഐ ശ്രീകുമാറിനുമുള്ള അടുത്ത ബന്ധമാണ് അന്വേഷണത്തിൽ വരിക. ട്രാഫിക് ഐ.ജി: ജി. ലക്ഷ്മണയ്ക്കെതിരേ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. സസ്‌പെൻഷനും പരിഗണനയിലാണ്.

ഡൽഹിയിലായിരുന്ന ഡി.ജി.പി. ഇന്നലെ രാത്രിയാണ് തലസ്ഥാനത്തെത്തിയത്. അധികാരപരിധി ലംഘിച്ച്, ഡി.ജി.പി., എ.ഡി.ജി.പി. എന്നിവർ അറിയാതെ കേസിന്റെ അന്വേഷണം മോൻസനുവേണ്ടി വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്ന ആരോപണമാണ് ഐ.ജി: ലക്ഷ്മണ നേരിടുന്നത്. പന്തളത്തെ ബിസിനസ് ഗ്രൂപ്പ് മോൻസനെതിരേ പത്തനംതിട്ട പൊലീസിലാണു പരാതി നൽകിയിരുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത ജില്ലാ പൊലീസ് മേധാവി അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. അന്വേഷണം മുന്നോട്ടുനീങ്ങിയാൽ കുടുങ്ങുമെന്ന് മനസിലാക്കിയ മോൻസൺ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ആരംഭിച്ചു. തന്റെ പക്കൽനിന്ന് 12 കോടി രൂപയുടെ വിന്റേജ് കാർ പന്തളത്തെ ബിസിനസ് ഗ്രൂപ്പ് വാങ്ങിയെന്നും ആറേകാൽ കോടി രൂപ മാത്രം നൽകി വഞ്ചിച്ചെന്നും പറഞ്ഞ് മോൻസൺ രംഗത്തുവന്നു.

ഇക്കാര്യം ഒരു പരാതിയായി എഴുതിവാങ്ങി ആരുമറിയാതെ ഐ.ജി. സ്വന്തം നിലയ്ക്ക് ഉത്തരവിറക്കിയെന്നാണ് ആരോപണം. ജില്ലാ പൊലീസ് മേധാവിക്കെതിരേ രൂക്ഷമായ ആരോപണങ്ങളും മോൻസൻ പരാതിയിൽ ഉന്നയിച്ചിരുന്നു. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിൽനിന്ന് അന്വേഷണം മാറ്റി ചേർത്തല പൊലീസിന് കൈമാറാനായിരുന്നു ഐ.ജിയുടെ നിർദ്ദേശം. കേസ് ചേർത്തല പൊലീസിനെ തന്നെ ഏൽപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് ഐ.ജി: ലക്ഷ്മണ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഐ.ജിക്ക് നിർദ്ദേശം നൽകി. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടിയാണ് ഈ നിർദ്ദേശമെന്നും ഐ.ജി: ലക്ഷ്മണ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേ പന്തളത്തെ ബിസിനസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഡി.ജി.പിയും എ.ഡി.ജി.പിയും വിവരം അറിയുന്നത്.

2020 ഒക്ടോബറിൽ എ.ഡി.ജി.പി: മനോജ് ഏബ്രഹാം ഐ.ജിയോട് വിശദീകരണം ചോദിക്കുകയും മെമോ നൽകുകയും ചെയ്തു. അറിയാതെ സംഭവിച്ച പിഴവാണെന്നു പറഞ്ഞാണ് അന്നു ശിക്ഷാ നടപടികളിൽനിന്ന് ഒഴിവായത്. എന്നാൽ, ഈ വിഷയം നിസാരവൽക്കരിച്ചാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ അച്ചടക്കം കൊണ്ടുവന്നില്ലെങ്കിൽ താഴേത്തട്ടിലേക്ക് അച്ചടക്കരാഹിത്യം വ്യാപിക്കുമെന്നുമാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നടപടി നീക്കം. സുരേന്ദ്രനെതിരെ വിജിലൻസ് അന്വേഷണവും വരും.