ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ ദുരൂഹതയുണ്ടെന്ന് മോൺസന്റെ ഭാര്യ മറുനാടനോട് പറഞ്ഞു. ചേർത്തലയിലെ വീട്ടിൽ കഴിഞ്ഞ ദിവസം മറുനാടനെത്തിയപ്പോഴാണ് അവർ പ്രതികരിച്ചത്. ഇത് സംബന്ധിച്ച കുടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല. മോൺസൺ പുറത്ത് വന്നതിന് ശേഷം എല്ലാവരെയും അറിയിക്കാമെന്നും അവർ പറഞ്ഞു. ഇപ്പോൾ പലതും പറയുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാലാണ് പരസ്യ പ്രതികരണം നടത്താത്തതെന്നും അവർ വ്യക്തമാക്കി.

വല്ലയിൽ ക്ഷേത്രത്തിന് സമീപത്തെ മാവുങ്കൽ വീട് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വരെ ആഘോഷ തിമിർപ്പിലായിരുന്നു. മകളുടെ വിവാഹനിശ്ചയത്തിന്റെ ഭാഗമായി നിരവധി ബന്ധുക്കളെയും വി.വി.ഐ.പികെളെയും കൊണ്ട് വലിയ തിരക്കായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രി 9.30 ന് ക്രൈംബ്രാഞ്ച് സംഘം മോൺസണെ അറസ്റ്റ് ചെയ്തതോടെ ഒരാളെ പോലും പിന്നെ അവിടെ കണ്ടില്ല. ക്രൈംബ്രാഞ്ച് സംഘത്തെ കണ്ട് അംഗരക്ഷകർ പലവഴിയാണ് ഓടി രക്ഷപെട്ടത്. ഇവരിൽ ഒരാളുടെ ടൂവീലർ ഇപ്പോഴും വഴിയരികിൽ തന്നെയുണ്ട്.

ഈ വാഹനം എടുക്കാൻ ഇതുവരെയും ആരും എത്തിയിട്ടില്ല. മോൻസണും അംഗരക്ഷകരും വന്ന വിദേശ നിർമ്മിത കാറായ ക്രിസ്ലർ രണ്ടെണ്ണം വീടിന് സമീപത്തെ വല്ലയിൽ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ തന്നെകിടപ്പുണ്ട്. കറുപ്പും സിൽവർ കളറിലുമുള്ളതാണ് രണ്ട് കാറുകൾ. സിൽവർ കളർ കാറിലാണ് മോൺസൺ എത്തിയത്. മറുനാടൻ ഇവിടെ എത്തിയപ്പോൾ ഡോക്ടറായ മകളുടെ വിവാഹനിശ്ചയത്തിന് ശേഷം നടത്തിയ സത്ക്കാര ചടങ്ങിന് കെട്ടിയ പന്തൽ അഴിച്ചു മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്.

വീടിനുള്ളിൽ മോൺസൺന്റെ ഭാര്യ മോൻസിയും മക്കളും ഉണ്ടായിരുന്നു. മോൻസി മാത്രമാണ് വീടിന് പുറത്തേക്ക് വന്നത്. കേസിന്റെ വിവരങ്ങൾ ചോദിച്ചെങ്കിലും ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നായിരുന്നു മറുപടി. മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു വിഷയം കിട്ടിയില്ലെ.. എന്നും അവർ ചോദിച്ചു. എന്തായാലും കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അക്കാര്യം മോൻസൺ പുറത്ത് വന്നതിന് ശേഷം പറയുമെന്നും അവർ പറഞ്ഞു. അതേസമയം മോൺസന്റെ മകളുടെ വിവാഹം മാറ്റിവച്ചു.

ഒക്ടോബർ രണ്ടിനായിരുന്നു മോൺസന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവാവാണ് വരൻ. മോൺസൺ അറസ്റ്റിലായെങ്കിലും വിവാഹത്തിൽ നിന്നും ഇവർ പിന്മാറില്ലെന്നാണ് വിവരം. ഒക്ടോബർ രണ്ടിന് തന്നെ വിവാഹത്തിന് തയ്യാറാണെന്ന് ഇവർ പറഞ്ഞെങ്കിലും മോൺസൺ ഇല്ലാതെ വിവാഹം നടത്താൻ കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ രണ്ടിന് നടക്കാനിരുന്ന താലികെട്ട് മാറ്റി വയ്ക്കുകയായിരുന്നു. മോൺസന്റെ മകളും മകനും ഡോക്ടറർമാരാണ്.

വിവാഹ നിശ്ചയത്തിനിടെയാണ് മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇത് തടയാൻ മാവുങ്കലിന്റെ ബൗൺസേഴ്‌സ് ശ്രമിച്ചതായും സൂചനയുണ്ട്. സമീപവാസികൾ ഇങ്ങനെ മൊഴി നൽകിയിട്ടുണ്ട്. മോൺസന്റെ ആദ്യത്തെ പേര് മോനിച്ചൻ എന്നായിരുന്നു. ചേർത്തലയിലെ ഒരു ഇടവക പള്ളിയിൽ സഹായത്തിനായി നിന്നിരുന്ന മോൻസൺ അവിടെയുണ്ടായിരുന്ന ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹിതരായി. വിവാഹത്തിനായി ഒരു വികാരിയാണ് സഹായിച്ചതെന്നും ഇവർക്ക് ജീവിക്കാനായി നല്ലൊരു സമ്പാദ്യവും നൽകിയതായും നാട്ടുകാർ പറയുന്നു. ഏറെ നാൾ ചേർത്തലയിൽ നിന്നും മാറിതാമസിച്ച ശേഷം വീണ്ടും ഇവിടെയെത്തി പഴയ വീട് പൊളിച്ച് പുതിയ വീട് നിർമ്മിക്കുകയായിരുന്നു. വികാരിയച്ചൻ നൽകിയ പണമുപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.

വിവാഹ ശേഷം ആദ്യം പ്ലാസ്റ്റിക് കസേരകളുടെ ബിസിനസ്സ് തുടങ്ങിയ മോൻസൺ പിന്നീട് പുരാവസ്തുക്കൾ വാങ്ങി മറിച്ചു വിൽക്കന്ന രീതിയായിരുന്നു. എന്നാൽ പുരാവസ്തുക്കളുടെ വിപണി സാധ്യത മനസ്സിലാക്കിയതോടെ ഇയാൾ ശേഖരിക്കുകയായിരുന്നു. പിന്നീട് ആളുകളെ കബളിപ്പിക്കുവാനായി വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ നിർമ്മിച്ച വസ്തുക്കൾ കാട്ടിയായിരുന്നു പിന്നീടുള്ള തട്ടിപ്പുകൾ. ഈ തട്ടിപ്പുകൾ ഒന്നും തന്നെ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു. എന്നാൽ ഒപ്പം ജോലി ചെയ്തിരുന്നവർക്ക് അറിയാമായിരുന്നു. ചിലർ തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ ജോലി ഉപേക്ഷിച്ച് പോയിട്ടുമുണ്ട്.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും മോൻസൺ നാട്ടുകാർക്ക് ഉപകാരിയായിരുന്നു. നാട്ടിലെ ഏതൊരു കാര്യങ്ങൾക്കും കയ്യയച്ചു സഹായിച്ചിരുന്നു. വല്ലയിൽ ക്ഷേത്രത്തിന് സമീപമാണ് മാവുങ്കൽ വീട്. ക്ഷേത്രത്തിലെ ഉത്സവത്തിനും മറ്റും കലാപരിപാടികൾ നടത്താനും മറ്റും പണം നൽകിയിരുന്നു. എന്നാൽ അഞ്ച് വർഷങ്ങളായി ഇവർ നാട്ടുകാരുമായും ക്ഷേത്രക്കമ്മറ്റിയുമായി വലിയ ശത്രുതയിലാണ്. കാരണം ഇവരുടെ വീടിന് സമീപത്ത് ടോയ്‌ലറ്റ് സ്ഥാപിച്ചതുമായി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് മോൻസന്റെ ഭാര്യ വലിയ കോലാഹാലങ്ങളുണ്ടാക്കി. അങ്ങനെ നാട്ടുകാരുമായി മിണ്ടാതെയായി.

മോൻസൺ നാട്ടുകാർക്ക് ഒരു അത്ഭുതമായിരുന്നു. വളരെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയും വീട്ടിൽ സിനിമാ താരങ്ങളും പൊലീസുദ്യോഗസ്ഥരും മറ്റുമൊക്കെ വരുന്നത് അത്ഭുതത്തോടെയാണ് നോക്കിയിരുന്നത്. ഡോക്ടറാണ് എന്നായിരുന്നു എല്ലാവരും ധരിച്ചു വച്ചിരുന്നത്. പുരാവസ്തുക്കളുടെ ശേഖരവും കച്ചവടവുമൊന്നും ആർക്കും അറിയില്ലായിരുന്നു. അടുത്തിടെ മാധ്യമങ്ങളിൽ വന്ന ഫീച്ചറുകളും മറ്റും കണ്ടപ്പോഴാണ് മോൻസൺ ഒരു സംഭവമാണെന്ന് നാട്ടുകാർക്ക് മനസ്സിലായത്. നാട്ടിലെത്തുമ്പോഴൊക്കെ അകമ്പടിയായി അംഗരക്ഷകരുണ്ടായിരുന്നു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോൾ ഈ അംഗരക്ഷകരെയും കൂട്ടിയാണ് മോൻസന്റെ ഭാര്യ എത്തിയത്. എന്നാൽ അന്ന് നാട്ടുകാർ ഗുണ്ടകളെ കൈകാര്യം ചെയ്യാതെ വിട്ടത് ഭാഗ്യം.