കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലിൽ ഗായകൻ എം.ജി. ശ്രീകുമാറിനു മോൻസൺ മാവുങ്കൽ സമ്മാനിച്ച 'കറുത്ത വജ്രമോതിരം' (ബ്ലാക് ഡയമണ്ട്) ചർച്ചയാക്കിയിരുന്നു. വലിയ വിലയുള്ള മോതിരം എന്ന് പറഞ്ഞ് ഫ്‌ളവേഴ്‌സ് ചാനൽ ഷോയിൽ അടിച്ചു കയറുകയായിരുന്നു എംജി ശ്രീകുമാർ. ഇത് വെറും 300 രൂപ വിലയുള്ളത്! മോഹൻലാലിനെ വീട്ടിൽ കൊണ്ടു വരാനായി അരി മുതലാളിക്കും മോതിരം നൽകിയിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ജപ്പാൻ രാജവംശത്തിലെ പ്രധാനി ധരിച്ചിരുന്നതാണ് ഇതെന്നായിരുന്നു അരിമുതലാളിയും വീമ്പു പറഞ്ഞിരുന്നത്. ഇതും അഞ്ചൂറു രൂപയുടെ മോതിരമായിരുന്നു.

ഫ്ളവേഴ്സ് ടി.വിയിലെ 'ടോപ് സിങ്ങർ' പരിപാടിയിൽ വിധികർത്താവായ എം.ജി. ശ്രീകുമാർ, രമേഷ് പിഷാരടിയുമായുള്ള സംഭാഷണമധ്യേ ഈ 'അമൂല്യമോതിരം' ഉയർത്തിക്കാട്ടിയിരുന്നു. ഇതുൾപ്പെടെ മോൻസൺ പലർക്കും സമ്മാനിച്ച വാച്ചും മോതിരവുമെല്ലാം ബംഗളുരുവിലെ നാഷണൽ മാർക്കറ്റിൽനിന്ന് 200-1000 രൂപയ്ക്കു വാങ്ങിയതായിരുന്നു. അതും കടത്തിന്. വാച്ചും വളയും മോതിരവുമെല്ലാം നിസാരവിലയ്ക്കു വാങ്ങിയിരുന്ന കടയിൽ മൂന്നുലക്ഷത്തോളം രൂപ മോൻസൺ കൊടുക്കാൻ ഉണ്ടായിരുന്നു. ഇതെല്ലാം ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു. പുരാവസ്തു ശേഖരം മുഴുവൻ തട്ടിപ്പായിരുന്നു.

ബംഗളുരുവിൽനിന്നു മോൻസൺ ആഡംബരവാഹനങ്ങൾ വാങ്ങിയതും കടമായി. കോർപറേഷൻ സർക്കിൾ ത്യാഗുവിൽനിന്നാണു മിക്ക കാറുകളും വാങ്ങിയത്. ലക്ഷങ്ങൾ വിലയുള്ള ടൊയോട്ട ലക്സസ് കാർ കൊണ്ടുവന്നത് 1001 രൂപ ടോക്കൺ നൽകിയാണ്. അതിന് അപ്പുറം കൊടുത്തിട്ടില്ല. കോടികൾ വിലയുള്ള ബെന്റ്ലി കാർ കൊണ്ടുവന്നത് ഒരുലക്ഷം രൂപ മാത്രം നൽകിയാണ്. നാഷണൽ മാർക്കറ്റിലെ ഡോ. റാമിൽനിന്നു പുരാവസ്തുക്കൾ വാങ്ങിയ ഇനത്തിൽ കൊടുക്കാനുള്ളതു 30 കോടി രൂപയാണ്.

മ്യൂസിയത്തിലുള്ള പുരാവസ്തുക്കളിൽ ഒരെണ്ണം ഒറിജിനലാണെന്നാണു മോൻസൺ പൊലീസിനോടു പറഞ്ഞത്. അതു ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാമിന്റെ വാളാണ്. നാല് ആനക്കൊമ്പുകളാണു മോൻസന്റെ സ്വകാര്യ മ്യൂസിയത്തിൽനിന്നു വനംവകുപ്പ് പിടിച്ചെടുത്തത്. എന്നാൽ, എല്ലാം വ്യാജമായിരുന്നു. രണ്ടെണ്ണം മരക്കഷണങ്ങൾ കൂട്ടിയോജിപ്പിച്ച് ആശാരി നിർമ്മിച്ചതാണ്. മറ്റു രണ്ടെണ്ണം ഒട്ടകത്തിന്റെ എല്ലും കാട്ടുപോത്തിന്റെ കൊമ്പും ഉപയോഗിച്ചു നിർമ്മിച്ചത്.

മോൻസൻ മാവുങ്കലിന്റെ കയ്യിൽനിന്നു ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഐപാഡിൽ ഒന്നുമില്ല. മോൻസൻ തനിക്കു 'ലഭിക്കാനുള്ള' 2.62 ലക്ഷം കോടി രൂപയുടെ എച്ച്എസ്‌ബിസി ബാങ്ക് രേഖകൾ പരാതിക്കാർ ഉൾപ്പെടെയുള്ളവർക്കു കാണിച്ചുകൊടുത്തിരുന്നത് ഈ ഐപാഡിലാണ്. എന്നാൽ, ഇന്നലെ നടത്തിയ പരിശോധനയിൽ ഐപാഡിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളൊന്നും കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായില്ല.

തട്ടിപ്പിനുപയോഗിച്ച രേഖകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാവുമെന്നാണു നിഗമനം. ഫയലുകൾ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. മോൻസന്റെ ഫോൺ വിളി രേഖകളുടെ പരിശോധനയും തുടരുകയാണ്. ഇന്നലെയും മോൻസനെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും നിസ്സഹകരണം തുടരുകയാണെന്നാണു സൂചന. ഒട്ടകത്തിന്റെ എല്ലിൽ തീർത്ത ആനക്കൊമ്പും പുരാവസ്തു എന്ന പേരിൽ മറ്റു ചില വസ്തുക്കളും താൻ വിറ്റതായി മോൻസൻ സമ്മതിച്ചു.

ബെംഗളൂരുവിലെ വ്യവസായി രാജീവിന് 50 ലക്ഷം രൂപയ്ക്കാണു സാധനങ്ങൾ വിറ്റത്. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താൻ രാജീവിൽ നിന്നു വിവരങ്ങൾ തേടും. മോൻസന്റെ വീട്ടിൽ പുരാവസ്തു, മോട്ടർ വാഹന വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തി. പുരാവസ്തുക്കളിൽ 90 ശതമാനവും പൗരാണിക മൂല്യമില്ലാത്തവയാണെന്നും എന്നാൽ 100 വർഷം വരെ പഴക്കമുള്ള അപൂർവം ചില സാധനങ്ങൾ ഇവിടെയുണ്ടെന്നുമാണു കണ്ടെത്തൽ.

പഴഞ്ചൻ വാഹനങ്ങൾ രൂപമാറ്റം വരുത്തി ആഡംബര വാഹനമായി ഉപയോഗിക്കുകയായിരുന്നു എന്നാണു മോട്ടർ വാഹന വകുപ്പിന്റെ നിഗമനം. മോൻസൻ സ്ഥിരമായി യാത്ര ചെയ്തിരുന്ന ഡോഡ്‌ജെ ഗ്രാന്റിന്റെ റജിസ്‌ട്രേഷൻ 2019ൽ അവസാനിച്ചതാണ്. 'വിശ്വരൂപം' ശിൽപം നിർമ്മിച്ചു നൽകിയ തന്നെ കബളിപ്പിച്ചുവെന്ന തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മോൻസനെ ചോദ്യം ചെയ്യാൻ തിരുവനന്തപുരത്തു നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കൊച്ചിയിലെത്തി.

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന മോൻസനെ വിശദമായ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണു സൂചന. പ്രതിയെ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കും.