രാജാക്കാട്: മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം രാജകുമാരിയിൽ നിന്ന്. 1994-95 കാലഘട്ടത്തിൽ സെക്കൻഡ് ഹാൻഡ് ടി.വിയും കാറുമൊക്കെ നൽകാമെന്ന് പറഞ്ഞ് ഇയാൾ ലക്ഷങ്ങൾ തട്ടിയിരുന്നത്രേ. അതിനിടെ മോൻസന്റെ പക്കലുള്ള 70-80 % വസ്തുക്കളും തന്റെ കയ്യിൽനിന്നു വാങ്ങിയതാണെന്ന് തിരുവനന്തപുരം കിളിമാനൂർ സ്വദേശി സന്തോഷ് അറിയിച്ചു. ഈ വകയിൽ 3 കോടിയോളം രൂപ കിട്ടാനുണ്ട്. പണം നൽകാതെ വഞ്ചിച്ചതിനു മോൻസനെതിരെ പരാതി നൽകുമെന്നും സന്തോഷ് പറഞ്ഞു. ഇതോടെ മോൻസണിന്റെ പുരാവസ്തു ശേഖരത്തിന്റെ തട്ടിപ്പ് വ്യക്തമാകുകയാണ്.

രാജാക്കാട് രാജകുമാരിയിൽനിന്നാണ് തട്ടിപ്പിന്റെ തുടക്കം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ തമിഴ്‌നാട് അതിർത്തിയിൽ കൊണ്ടുപോയി വിൽക്കുന്ന ജോലിയാണ് ആദ്യം നടത്തിയത്. പിന്നീട് ഒട്ടേറെപ്പേരെ സാമ്പത്തികത്തട്ടിപ്പിനിരയാക്കി. പിന്നീട് സ്വന്തം നാടായ ചേർത്തലയിലേക്ക് പ്രവർത്തനം മാറ്റി. ചേർത്തലയിൽ വാടകയ്ക്ക് താമസിച്ചിരുന്നിടത്തെ ആളെ പറ്റിച്ചാണ് ഇവിടെനിന്ന് കടക്കുന്നത്. പിന്നീട് കൊച്ചിയിലെത്തിയതോടെയാണ് ഫെമയുടെ പേരുപറഞ്ഞുള്ള തട്ടിപ്പിന് തുടക്കമിടുന്നത്. 2014-ൽ കലൂരിലെ വീട്ടിലേക്ക് താമസംമാറി. പിന്നാലെയാണ് പുരാവസ്തു വിൽപ്പനക്കാരനായുള്ള രംഗപ്രവേശം.

1994-95 കാലഘട്ടത്തിൽ ഭാര്യയ്ക്ക് രാജകുമാരിയിലെ സ്വകാര്യസ്‌കൂളിൽ ജോലി കിട്ടിയതോടെയാണ് മോൻസണും കുടുംബവും ഇവിടെ എത്തിയത്. രാജകുമാരി ടൗണിനോട് ചേർന്ന് വികാസ് ഗാർഡൻ കോളനിയിൽ വീട് നിർമ്മിച്ചു. മോൻസൺ പിന്നീട് രാജകുമാരി പഞ്ചായത്ത് ഓഫീസിന് സമീപത്തായി ചെയിൻ സർവേ സ്‌കൂൾ ആരംഭിച്ചു. ഈ കാലയളവിൽ എറണാകുളം മേഖലയിലെ പ്രമുഖരുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിച്ചു.

ഹൈറേഞ്ചിൽ ടെലിവിഷനുകൾ വിരളമായിരുന്ന ഇക്കാലത്ത് സെക്കൻഡ് ഹാൻഡ് ടെലിവിഷൻ സെറ്റുകൾ ഇവിടെ എത്തിച്ചു വിൽപ്പന ആരംഭിച്ചു. ഇത്തരത്തിൽ ടെലിവിഷനുകൾ എത്തിച്ചുനൽകാം എന്ന പേരിൽ പലരിൽനിന്നും പണം തട്ടിയെടുത്തു എന്നാണ് ആരോപണം. തുടർന്ന് വാഹന വിൽപ്പന രംഗത്തേക്ക് ഇദ്ദേഹം ചുവടുമാറ്റി. കുറഞ്ഞ വിലയിൽ കാർ നൽകാമെന്നും പറഞ്ഞും പലരിൽനിന്നും പണം തട്ടിയെടുത്തു.

രാജാക്കാട്ടെ ജൂവലറി ഉടമയ്ക്ക് സ്വർണം നൽകാമെന്നുപറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടവരിൽ ജില്ലയിലെ ഉന്നതർ മുതൽ സാധാരണക്കാർ വരെ ഉണ്ടെന്ന് യൂത്ത് കോൺഗ്രസ് കെ.എസ്.അരുൺ പറഞ്ഞു. ഭാര്യ സർവീസിൽനിന്നു സ്വമേധയാ വിരമിച്ചപ്പോളാണ് ഇയാൾ രാജകുമാരിയിൽനിന്നു എറണാകുളത്തേക്ക് താമസം മാറ്റിയത്.

തട്ടിപ്പു കഥ സന്തോഷ് പറയുമ്പോൾ

വ്യാജരേഖകളും വ്യാജമായി തയ്യാറാക്കിയ, പുരാവസ്തുക്കളോട് സാമ്യമുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് അതിസമർഥമായാണ് മോൺസൺ ഇടപാടുകൾ നടത്തി പണമുണ്ടാക്കിയത്. പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും തന്ത്രപരമായി ഇയാൾ പ്രയോജനപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ളവർ അറിഞ്ഞോ അറിയാതെയോ ഇതിന് നിന്നുകൊടുക്കുകയും ചെയ്തു.റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന, കോടികൾ വിലമതിക്കുന്ന രാസപദാർഥം മോൺസന്റെ കൈവശം വിൽപ്പനയ്ക്കായി ഉണ്ടെന്നു പറഞ്ഞ് ഡി.ആർ.ഡി.ഒ. സയന്റിസ്റ്റ് നൽകിയ രേഖ, കേരള പൊലീസ് ഡി.ജി.പി. ഒപ്പിട്ട് തന്റെ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളുടെ രേഖ തുടങ്ങിയവയൊക്കെ മോൺസൺ തട്ടിപ്പിനായി പ്രദർശിപ്പിച്ചിരുന്നു.

ഇതോടൊപ്പം ബാങ്ക് ഇടപാടുകളുടെയും ആർ.ബി.ഐ., കേന്ദ്ര ധനമന്ത്രാലയം, എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവയുടെയും വ്യാജ രേഖകളും ഇയാൾ തയ്യാറാക്കിവെച്ചിരുന്നു. ഇത്തരം രേഖകൾ മോൺസന്റെ അമേരിക്കയിലുള്ള ബന്ധുവാണ് നിർമ്മിച്ചുനൽകിയതെന്നു പറയുന്നുണ്ട്. കൈവശമുള്ള 'പുരാവസ്തു'ക്കളിൽ ഭൂരിഭാഗവും സിനിമാചിത്രീകരണത്തിന് സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന, സന്തോഷിൽനിന്ന് വാങ്ങിയതാണ്. മട്ടാഞ്ചേരിയിലുള്ള പുരാവസ്തുഷോപ്പുകളിൽനിന്നും ഇത്തരം സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആശാരിയെക്കൊണ്ടും ചില സാധനങ്ങൾ ഉണ്ടാക്കിയെടുപ്പിച്ചു.

പ്രവാസി മലയാളി ഫെഡറേഷൻ സംഘടനയെ ദുരുപയോഗംചെയ്ത് പോസ്റ്ററുകളും തയ്യാറാക്കി. പ്രവാസി മലയാളി ഫെഡറേഷന്റെ പേരിൽ 'പ്രവാസി പുരസ്‌കാരം മുഖ്യമന്ത്രിക്ക്' എന്ന് പോസ്റ്റർ ഇറക്കി. പോസ്റ്ററിൽ മോൺസൺ തന്റെ കമ്പനിയുടെ പേര് ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തു. തൃശ്ശൂർ സ്വദേശിയുമായി ചേർന്ന് ഖത്തറിൽ പുരാവസ്തു മ്യൂസിയത്തിലേക്ക് 15,000 കോടി രൂപയുടെ 93 വസ്തുക്കൾ വാങ്ങാൻ പദ്ധതിയിട്ടുവെന്ന പേരിലാണ് പുതിയ തട്ടിപ്പിന് കളമൊരുക്കിയത്. ഈ തട്ടിപ്പിലേക്ക് എത്തുംമുമ്പ് മോൺസൺ അകത്തായി.

ആറ്റിങ്ങലുകാരൻ സന്തോഷാണ് പുരാവസ്തുക്കൾ മോൻസണ് നൽകിയതെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ആറ്റിങ്ങലിന് സമീപത്ത് താമസിക്കുന്ന കിളിമാനൂർ സ്വദേശി സന്തോഷിന്റെ വെളിപ്പെടുത്തൽ. നൽകിയ വസ്തുക്കളെല്ലാം അത്ര പഴക്കമില്ലാത്തതും കേരളത്തിൽനിന്നു തന്നെ ലഭിച്ചതുമാണ്. മോശയുടെ വടിയെന്നു പറഞ്ഞത് ഒരു വോക്കിങ് സ്റ്റിക്കാണ് (ഊന്നുവടി). ഒരു സാധാരണ വീട്ടിൽ പണ്ട് ഉണ്ടായിരുന്ന ഉറിയാണ് ശ്രീകൃഷ്ണന്റെ കാലത്തേതെന്നു മോൻസൻ പറഞ്ഞത്. യഹൂദർ ഉപയോഗിച്ചിരുന്ന പരമാവധി 100 വർഷം മാത്രം പഴക്കമുള്ള വിളക്ക് നൽകിയിരുന്നു.

ഇതാണു മുഹമ്മദ് നബിയുടെ വിളക്കെന്നു പറഞ്ഞു ്രപചരിപ്പിച്ചത്. വിൽക്കാനല്ല, വീട്ടിൽ കൗതുകത്തിനു വയ്ക്കാനെന്നു പറഞ്ഞാണു തന്നോടു സാധനങ്ങൾ വാങ്ങിയത്. ബാങ്കിൽനിന്നു കിട്ടിയാലുടൻ പണം നൽകാമെന്നാണു പറഞ്ഞിരുന്നത്. മറ്റൊരാളിൽനിന്നു കടം വാങ്ങിയും 30 ലക്ഷം രൂപ മോൻസനു നൽകി. ഇപ്പോൾ താൻ കടക്കാരനായെന്നും ഒരു മാസമായി മാറിനിൽക്കുകയാണെന്നും സന്തോഷ് പറഞ്ഞു. അതിനിടെ മോൻസൻ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇട നൽകുന്നതാണെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

തനിക്കോ തന്റെ ഓഫിസിനോ ഈ വ്യക്തിയുമായി ഒരു ബന്ധവുമില്ല. ഓഫിസ് സന്ദർശിച്ച പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദർശനത്തിന് എത്തുന്നവർ ചിത്രം എടുക്കാറുണ്ട്. അത്തരമൊരു ചിത്രമാണു പ്രചരിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു.