കട്ടപ്പന: വനിതാ ഹോസ്റ്റലിൽ നവജാത ശിശു മരിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യും. മൂലമറ്റം സ്വദേശിനിയ്‌ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇരുപത്തിയഞ്ച് വയസ്സുകാരിയാണ് അമ്മ.

പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രസവത്തോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി കള്ളമാണെന്ന് തെളിഞ്ഞു. ടോയിലറ്റിൽ വച്ചായിരുന്നു പ്രസവം. അതിന് ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.

അവിവാഹിതയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ ആൺകുഞ്ഞിനു ജന്മം നൽകിയത് കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു. ആരോഗ്യനില വഷളായ യുവതിയെ ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ യുവതി ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്തതിനു ശേഷം യുവതിയെ കസ്റ്റഡിയിൽ എടുക്കും. യുവതി പൊലീസ് നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തിട്ടില്ല.

യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും ഹോസ്റ്റലിലെ സഹവാസികൾക്കും ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിക്ക് പോലും അറിവ് ഉണ്ടായിരുന്നില്ല. സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി ഗർഭാവസ്ഥ മറച്ചുവച്ചായിരുന്നു ജോലിക്ക് പോയത്. ഗർഭച്ഛിദ്രത്തിനു ശ്രമിച്ചിരുന്നതായും സൂചനയുണ്ട്. ഒപ്പം ജോലി ചെയ്തിരുന്ന യുവാവാണ് കാമുകൻ എന്നാണ് സൂചന. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസ് ഇക്കാര്യത്തിലും അന്വേഷണം ഊർജ്ജിതമാക്കും.

വെള്ളിയാഴ്ച പ്രസവ വേദനയെ തുടർന്ന് മരുന്നു വാങ്ങാനായി സഹോദരിയെ ഹോസ്റ്റൽ അധികൃതരുടെ അടുത്തേക്കു പറഞ്ഞുവിട്ട ശേഷമാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വിവരം യുവതി പിന്നീട് മറ്റുള്ളവരെ അറിയിച്ചു. എന്നാൽ ആളുകൾ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിൽ ആയിരുന്നു. പ്രസവിക്കുമ്പോൾതന്നെ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്നാണ് യുവതി നൽകിയ മൊഴി. എന്നാൽ ടോയിലറ്റിലെ പ്രസവ ശേഷം കുട്ടിയെ യുവതി തന്നെ കൊല്ലുകയായിരുന്നു.

സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം. കുട്ടിയുടെ തലയിലുള്ള പരുക്കും മരണ കാരണമായെന്നാണു വിലയിരുത്തൽ. കുഞ്ഞിന്റെ മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ മറവു ചെയ്തു.