ഇൻഡോർ: മൈക്കൽ ജാക്സന്റെ നൃത്തച്ചുവടുകളുമായി നിരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന ഇന്ത്യൻ പൊലീസുകാരൻ ഇപ്പോൾ പാശ്ചാത്യ മാധ്യമങ്ങൾക്ക് വലിയൊരു വാർത്തയാവുകയാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ ട്രാഫിക് പൊലീസിൽ ജോലിചെയ്യുന്ന രജ്ഞിത് സിങ് എന്ന പൊലീസുകാരനാണ് ഇപ്പോൾ ആഗോളതലത്തിൽ തന്നെ വൈറലാകുന്നത്. മൈക്കൽ ജാക്സന്റെ മൂൺവാക്ക് ശൈലിയിലാണ് രഞ്ജിത് സിങ് ഗതാഗതം നിയന്ത്രിക്കുന്നത്. അതിന്റെ വീഡിയോകളും ഇപ്പോൾ ലോകമെങ്ങും വൈറലാവുകയാണ്.

രഞ്ജിത് സിംഗിന്റെ ശൈലി വളരെ ഫലവത്താണെന്ന് കണ്ട സേന ഇപ്പോൾ മറ്റു ഉദ്യോഗസ്ഥരെ ഇതേ രീതിയിൽ പരിശീലിപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്.ഏകദേശം 20 ലക്ഷത്തോളം ആളുകൾ പാർക്കുന്ന നഗരത്തിലെ തിരക്കേറിയ കവലയിലാണ് നൃത്തച്ചുവടുകളുമായി ഈ 41 കാരൻ ഗതാഗതം നിയന്ത്രിക്കുന്നത് എന്ന് അവർ എടുത്തു പറയുന്നു.

ജംഗ്ഷനിലെ ഓരോ കോണിലേക്കും പിന്നീട് തിരിച്ചും മൂൺവാക്ക് ശൈലിയിൽ നടന്നാണ് ഇയാൾ ഗതാഗതം നിയന്ത്രിക്കുന്നത്. ഇടക്ക് പെട്ടെന്ന് നടത്തം നിർത്തി ജാക്സൺ സ്‌റ്റൈലിൽ ദേഹമാകെ വിറപ്പിക്കും. പിന്നെ വീണ്ടും മൂൺവാക്ക് തുടരും. മുൻപോട്ട് നടക്കുന്ന അതേ വേഗതയിൽ തന്നെ ഇയാൾ പുറകോട്ടും നടക്കും. ഈ മനോഹരമായ നൃത്തച്ചുവടുകൾ ഏതെങ്കിലും സംഗീതത്തിന്റെ താളത്തിനനുസരിച്ചല്ല എന്ന കാര്യവും ബ്രിട്ടീഷ് മാധ്യമങ്ങൾ എടുത്തു പറയുന്നു. വാഹനങ്ങളുടെ ഇരമ്പലിനും ഹോൺ ശബ്ദങ്ങൾക്കും കാതുകൊടുത്താണ് ഈ താളാത്മകമായ നൃത്തം എന്ന് അവർ പറയുന്നു.

തെരുവിൽ നൃത്തച്ചുവടുകൾ വെച്ച് ട്രാഫിക് നിയന്ത്രിക്കുന്ന രജ്ഞിത് സിംഗിനൊപ്പം സെൽഫി എടുക്കാനും ആളുകൾ താത്പര്യപ്പെടാറുണ്ട്. ഗതാഗത തടസ്സമുണ്ടാകാത്ത രീതിയിൽ അയാൾ അതിന് അനുവാദം നൽകും. മാത്രമല്ല, ഇടയ്ക്കൊക്കെ, ഇയാളുടെ ക്രിയകൾ വീഡിയോകളിൽ പകർത്താനും ആളുകൾ കൂട്ടം കൂടും. അപ്പോഴും ഗതാഗത കുരുക്ക് വരുത്താതിരിക്കാനായിരിക്കും ഇയാളുടേ പ്രധാന ശ്രമം.

കുട്ടിക്കാലം മുതൽക്കെ ഒരു നർത്തകനാകാനായിരുന്നു സിങ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ ആ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ സഹായകമായ ഒന്നായിരുന്നില്ല. കുടുംബം നോക്കേണ്ട ബാദ്ധ്യത തോളിൽ വന്നപ്പോൾ പാതിവഴി ഉപേക്ഷിച്ച സ്വപ്നവുമായി അയാൾ പൊലീസിൽ ജോലിക്ക് കയറുകയായിരുന്നു. എന്നിട്ടും തന്റെ നൃത്തത്തെ വേർപിരിയാൻ അയാൾക്ക് മനസ്സുവന്നില്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് കാണിച്ചുകൊടുത്തു, മനസ്സുനിറയെ താളവും പേറി നടക്കുന്ന ഈ അതുല്യ പ്രതിഭ.

ഇതിനിടയിൽ ഗതാഗതം നിയന്ത്രിക്കുന്ന ഈ അനന്യ സാധാരണ രീതി തങ്ങളുടെ സേനയെ കൂടി പരിശീലിപ്പിക്കാൻ ലഡാക് പൊലീസ് ഇയാളെ ഒരാഴ്‌ച്ചത്തേക്ക് വിളിപ്പിച്ചിരുന്നു. നൃത്തച്ചുവടുകൾ പഠിപ്പിക്കുമ്പോഴും പ്രഥമ പരിഗണന നൽകുന്നത് ഗതാഗതം നിയന്ത്രിക്കുന്നതിലും സുരക്ഷ ഒരുക്കന്നതിലുമായിരിക്കുമെന്നാണ് രഞ്ജിത് സിങ് പറയുന്നത്.