കൊച്ചി: ലക്ഷദ്വീപ് വിഷയം കുടുതൽ കലുഷിതമാകുന്നു.അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ കവരത്തി ദ്വീപ് പ്രമേയവതരിപ്പിച്ചതോടെയാണ് വിഷയത്തിന് പുതിയമാനം കൈവരുന്നത്.ഇതാദ്യമായാണ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ ഒരു ദ്വീപ് പ്രമേയം അവതരിപ്പിക്കുന്നത്.അഡ്‌മിനിസ്‌ട്രേറ്ററുടെ വിചിത്രമായ നടപടികൾക്കെതിരെ നിശിതമായ ഭാഷയിലാണ് പ്രമേയം.കഴിഞ്ഞ ഡിസംബറിലാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റത്.തുടക്കത്തിൽ തന്നെ കേട്ടുകേൽവി പോലുമില്ലാത്ത നടപടികളാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

എല്ലാ ദ്വീപുകളിലെയും തെങ്ങുകളുടെ ചുവട്ടിൽ കാവി നിറം പൂശിയതും വിവാദത്തിന് തുടക്കമിട്ടത്.തെങ്ങിൻതടിയിലെ അണുബാധയും കേടും ഒഴിവാക്കാൻ വെള്ള പൂശുന്നതു പതിവുണ്ടെങ്കിലും കാവി നിറം പൂശുന്നതു നടാടെയാണെന്നാണ് ആക്ഷേപം.എന്നാൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണു തെങ്ങുകൾക്കു ചായമടിക്കാൻ തീരുമാനിച്ചതെന്നാണു അഡ്‌മിനിസ്‌ട്രേറ്ററുടെ വിശദീകരണം.ഇതിന് പിന്നാലെ അഡ്‌മിനിസ്‌ട്രേറ്റർ നടപ്പാക്കിയ പരിഷ്‌കാരങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചു.

അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികൾ മത്സ്യബന്ധന മേഖലയെ മൊത്തം ദോഷകരമായി ബാധിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. കടപ്പുറത്തു ബോട്ടുകളും വള്ളങ്ങളും കയറ്റി വയ്ക്കാനോ ഇതിനു ഷെഡുകൾ നിർമ്മിക്കാനോ സമ്മതിക്കുന്നില്ല. ഉണ്ടായിരുന്ന ഷെഡുകളും തീരത്തു വച്ച ബോട്ടുകൾ പോലും പൊളിച്ചു കളയുന്നു.മത്സ്യം കടൽത്തീരത്തു വച്ചു പുഴുങ്ങി അവിടെയിട്ട് ഉണക്കിയാണു മാസ് ഉൾപ്പെടെയുള്ള ലക്ഷദ്വീപ് വിഭവങ്ങൾ നിർമ്മിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഈ പതിവുകൾക്കെല്ലാം പുതിയ അഡ്‌മിനിസ്‌ട്രേറ്റർ വിലക്കേർപ്പെടുത്തിയെന്നും അമിനി ദ്വീപിലെ മത്സ്യത്തൊഴിലാളി പി.ഐ.മൂസ പറഞ്ഞു.

അക്ഷേപങ്ങൾ ശക്തമാകുന്നതിനൊപ്പം വിഷയത്തിൽ പ്രതിഷേധവും ശക്തമാക്കിയിരിക്കുകയാണ് പ്രദേശവാസികൾ.ലക്ഷദ്വീപിൽ നടപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന റെഗുലേഷനുകളെക്കുറിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ ദ്വീപ് നിവാസികൾക്ക് അവസരം നൽകാത്തത് ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി.റാവുത്തർ ഫെഡറേഷൻ എന്ന സംഘടനയുടെ പ്രസിഡന്റ് അലാവുദ്ദീൻ, ലക്ഷദ്വീപ് നിവാസിയായ ഷെയ്ഖ് മുജീബ് റഹ്‌മാൻ എന്നിവരാണ് അഡ്‌മിനിസ്‌ട്രേറ്ററെ എതിർകക്ഷിയാക്കി ഹർജി നൽകിയത്.

ഇതിനുപുറമെ ലക്ഷദ്വീപ് പ്രക്ഷോഭങ്ങൾക്കായുള്ള സംഘടനയുടെ നിർവാഹക സമിതിക്കും രൂപം നൽകി. പരിഷ്‌കാരങ്ങളോട് എതിർപ്പറിയിച്ചുള്ള നിവേദനവുമായി സമിതി അംഗങ്ങൾ ഉടൻ അഡ്‌മിനിസ്‌ട്രേറ്ററെ കാണും. ബിജെപി ഉൾപ്പെടെ ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ അംഗങ്ങളാണ്.

പ്രതിഷേധത്തിന്റെ ഭാഗമായാണ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ കവരത്തി ദ്വീപ് പ്രമേയമവതരിപ്പിച്ചത്.ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്ന ഭരണഘടനാ വിരുദ്ധവും അശാസ്ത്രീയവുമായ പരിഷ്‌കാരങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. ജനദ്രോഹ നയങ്ങളിൽനിന്ന് പിന്മാറണമെന്നും വികസനപദ്ധതികളും പരിഷ്‌കാരങ്ങളും ദ്വീപിലെ പഞ്ചായത്തുമായും ജില്ലാ പഞ്ചായത്തുമായും ആലോചിച്ചു നടപ്പാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് ഉപാധ്യക്ഷൻ എ.പി.നസീർ പ്രമേയം അവതരിപ്പിച്ചു. ഏകകണ്ഠമായാണു പാസായത്. കലക്ടർ അസ്ഗർ അലി മാധ്യമസമ്മേളനത്തിൽ ലക്ഷദ്വീപ് ജനതയെയും കിൽത്താൻ ദ്വീപിനെയും അപമാനിച്ചതിൽ സമിതി അമർഷം രേഖപ്പെടുത്തി. അഡ്‌മിനിസ്‌ട്രേറ്ററുടെ നയങ്ങൾക്കെതിരെ ലക്ഷദ്വീപിലെ ഒരു പഞ്ചായത്ത് പ്രമേയം പാസാക്കുന്നത് ആദ്യമാണ്.

അതേസമയം പെയന്റിങ്ങ് വിവാദത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തി.സന്ദീപ് വചസ്പതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുടെയാണ് സംഭവത്തിൽ വിശദീകരണം നൽകിയത്.കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും അവയുടെ വളപ്പും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളവർക്ക് ഇപ്പോഴത്തെ സംഭവത്തിൽ ഒരു അസ്വാഭാവികതയും തോന്നില്ല. ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ അവയുടെ നിജസ്ഥിതി കൂടി മനസിലാക്കേണ്ടതാണ്.

ഇത് 'മട്ടി' അഥവാ 'മാഠി' കളർ ആണ് പൂശിയിരിക്കുന്നത്. മണ്ണ്, ഭൂമി എന്നൊക്കെ ഈ വാക്കിന് അർത്ഥം വരും. അതായത് മണ്ണിന്റെ നിറം. 'ഗേരു മിട്ടി' എന്ന പേരിലാണ് ഇത് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. കീടങ്ങളെ തുരത്താൻ ബ്രിട്ടീഷ് കാലഘട്ടം മുതൽ ഉപയോഗിച്ച് വരുന്നതാണ് ഇത്. ചെലവ് കുറഞ്ഞ ഇത് പെയിന്റ് അല്ല, ചുവന്ന മണ്ണാണ്. വെളുത്ത നിറത്തിനായി ചുണ്ണാമ്പ്/കുമ്മായം ഉപയോഗിക്കും. കുത്തിത്തിരിപ്പാണ് ലക്ഷ്യം എന്ന് അറിയാം. എങ്കിലും അതിന് മതത്തെ കൂട്ടു പിടിക്കരുത്. അത് വലിയ തീ ആണ്. അത് ആളിക്കത്തിയാൽ ആർക്കും അണയ്ക്കാനാവാതെ വരും. മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേർ ഈ നാട്ടിൽ ഇന്നും ജീവിക്കുന്നുണ്ട്. അവരേക്കൂടി മതഭ്രാന്തന്മാരാക്കരുതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ സന്ദീപ് പറയുന്നു.