കൊച്ചി: പുരാവസ്തുശേഖരവുമായി ബന്ധപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോൻസൺ മാവുങ്കലിനെതിരേ കൂടുതൽ ആരോപണങ്ങൾ. സാമ്പത്തിക തട്ടിപ്പിന് പുറമേ സ്വർണക്കടത്തിലും മനുഷ്യക്കടത്തിലും മോൻസണ് പങ്കുണ്ടെന്നാണ് നേരത്തെ ഇയാൾക്കെതിരേ പരാതി നൽകിയ ഷാജി ചെറായിലിന്റെ ആരോപണം. മോൻസണെതിരേ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലും ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

2017 ജൂൺ മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ 10 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിലാണു മോൻസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗൾഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങൾക്കു പുരാവസ്തുക്കൾ നൽകിയതിലൂടെ തന്റെ അക്കൗണ്ടിൽ 2,62,600 കോടി രൂപ എത്തിയെന്നു പറഞ്ഞാണു മോൻസൻ മറ്റുള്ളവരെ തട്ടിപ്പിൽ വീഴ്‌ത്തിയത്. സിനിമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി മോൻസന് അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.

മോൻസണിന്റെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് മസാജിങ്ങും നടക്കുന്നതായാണ് പരാതിക്കാരൻ പറയുന്നത്. 15-16 വയസ്സ് പ്രായമുള്ള പെൺകുട്ടികളെ ഉപയോഗിച്ചാണ് മസാജിങ് നടത്തുന്നത്. മോൻസണിന്റെ കൊച്ചിയിലെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ മുകൾനിലയിൽ പെൺകുട്ടികളെ കണ്ടിട്ടുണ്ട്. താഴത്തെനിലയിൽ രണ്ട് സ്ത്രീകളാണ് അന്ന് ഉണ്ടായിരുന്നത്.

15 വയസ്സുള്ള പെൺകുട്ടികളെ ഉപയോഗിച്ച് മസാജിങ് നടക്കുന്നുണ്ടെന്ന് ഡ്രൈവറായിരുന്ന അജിത്തും പറഞ്ഞിട്ടുണ്ട്. പ്രമുഖരടക്കം മോൻസണിന്റെ വീട്ടിൽ വന്നുപോയിട്ടുമുണ്ട്. ഇക്കാര്യം പൊലീസുകാർക്കും അറിയാം. ഇതുസംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം ഉന്നതതലങ്ങളിൽ മുക്കിയെന്നാണ് തങ്ങൾക്ക് കിട്ടിയ വിവരമെന്നും ഷാജി ചെറായിൽ വ്യക്തമാക്കി.

മോൻസണിന്റെ വീട്ടിൽ രാത്രിസമയങ്ങളിൽ വാഹനങ്ങൾ വന്നുപോകുന്നതായി നാട്ടുകാരും പറഞ്ഞിട്ടുണ്ട്. പഠിപ്പിക്കാനെന്ന വ്യാജേന പാവപ്പെട്ട പെൺകുട്ടികളെ മോൻസൺ ചെന്നൈയിൽ താമസിപ്പിച്ചിരുന്നു. ഇവിടേക്ക് മോൻസൺ ഇടയ്ക്കിടെ പോകാറുണ്ടെന്ന് അജിത്തും പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയം. ഇതുസംബന്ധിച്ച് ഫോണിലൂടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു. സുന്ദരികളായ യുവതികളാണ് മോൻസണിന്റെ സ്റ്റാഫിലുണ്ടായിരുന്നതെന്നും സിനിമാ നടിമാരുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും പരാതിക്കാരൻ ആരോപിക്കുന്നു.

അമൂല്യമായ പുരാവസ്തുക്കളായി അവതരിപ്പിച്ചവയുടെ പഴക്കവും ഉടമസ്ഥാവകാശവും തെളിയിക്കുന്ന ഒരു രേഖയും മോൻസന്റെ പക്കൽ ഉണ്ടായിരുന്നില്ല. 10 കോടി രൂപ നഷ്ടപ്പെട്ട പരാതിക്കാർ പണം തിരികെച്ചോദിച്ചപ്പോൾ, പുരാവസ്തുക്കളിൽ കുറച്ചു വിറ്റഴിച്ചു പണം നൽകാമെന്നായിരുന്നു വാഗ്ദാനം. യാത്രാവിലക്കുള്ളതിനാൽ തനിക്കു നേരിട്ടു വിദേശത്തേക്കു പോകാനാകില്ലെന്നും വിശ്വസിപ്പിച്ചു.

തുടർന്ന് ഈ പുരാവസ്തുക്കൾ വിൽക്കാനായി പരാതിക്കാർ ഖത്തറിലെയും ദുബായിലെയും രാജകുടുംബാംഗങ്ങളെ സമീപിച്ചു. എന്നാൽ അവർ ഉടമസ്ഥാവകാശവും പഴക്കവും തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ, ഈ രേഖ മോൻസൻ നൽകിയില്ല. പകരം നൽകിയത്, ഈ വസ്തുക്കൾക്കു സുരക്ഷ ഏർപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ഒപ്പിട്ടു നൽകിയ രേഖയാണ്.

അതിനിടെ, തിരുവനന്തപുരം കിളിമാനൂരിലും മോൻസൺ പുരാവസ്തു തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിളിമാനൂരിലെ സന്തോഷ് എന്നയാൾ മുഖേനെയാണ് ഇവിടങ്ങളിൽ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. സന്തോഷ് മോൻസണിന്റെ കൂട്ടാളിയാണെന്നും ഇയാൾക്ക് എല്ലാസഹായവും ചെയ്തുനൽകിയതെന്ന് മോൻസണാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പുരാവസ്തു ബിസിനസിന്റെ പേരിൽ കിളിമാനൂരിലെ പലരിൽനിന്നുമായി ലക്ഷങ്ങളാണ് സന്തോഷ് തട്ടിയെടുത്തത്. നാണയം സന്തോഷ് എന്നറിയപ്പെട്ടിരുന്ന ഇയാൾ പുരാവസ്തു ബിസിനസ് വൻതോതിൽ വളരുമെന്നും വലിയലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ചിരുന്നു. ലക്ഷങ്ങൾ മുടക്കിയ പലർക്കും മാസങ്ങളോളം പലിശയായി ഒരുവിഹിതവും നൽകി. എന്നാൽ പിന്നീട് ഇത് മുടങ്ങിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പണം നൽകിയവർക്ക് ബോധ്യപ്പെട്ടത്.

ചെറിയ തുക മുടക്കിയവർക്ക് സന്തോഷ് പണം തിരിച്ചുനൽകിയിരുന്നു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് പണം തിരിച്ചുനൽകിയത്. മോൻസണിന്റെ വീട്ടിൽവച്ചാണ് സന്തോഷ് പണം തിരികെനൽകിയതെന്ന് ഇവർ കഴിഞ്ഞദിവസമാണ് തിരിച്ചറിഞ്ഞത്. മാത്രമല്ല, മോൻസണിന്റെ വീട്ടിൽനിന്നെടുത്ത സന്തോഷിന്റെ ചില ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പേ കിളിമാനൂരിൽനിന്ന് മുങ്ങിയ സന്തോഷിനെതിരേ ഏതാനും പരാതികൾ മാത്രമാണ് നിലവിലുള്ളത്.

പണം നഷ്ടപ്പെട്ട പലരും നാണക്കേട് ഭയന്ന് പരാതി നൽകിയില്ലെന്നാണ് വിവരം. ഇയാളുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളും തുടരുകയാണ്. അതേസമയം, സന്തോഷിന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുശേഖരമെല്ലാം പിന്നീട് മോൻസൺ സ്വന്തമാക്കിയതായാണ് കണ്ടെത്തൽ. സന്തോഷിനെ കൂട്ടാളിയാക്കിയ മോൻസൺ ഇയാൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുനൽകുകയായിരുന്നു.