തിരുവനന്തപുരം: പാലക്കാട് അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 10 മുതൽ സ്പെഷ്യാലിറ്റി ഒപികൾ ആരംഭിക്കും. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കോവിഡ് ക്ലിനിക്ക് + പൾമണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒപികളാണ് പുതുതായി ആരംഭിക്കുന്നത്.

അട്ടപ്പാടി മേഖലയിൽ സൗകര്യങ്ങളും വിദഗ്ധ ചികിത്സയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഗളി സിഎച്ച്സിയിൽ സ്പെഷ്യാലി ഒപികൾ സ്ഥാപിച്ചത്. ഇതോടെ ആ മേഖലയിലുള്ള ഗർഭിണികളെ ചെക്കപ്പിനായി അധിക ദൂരം യാത്ര ചെയ്യാതെ ഈ ഒപി സേവനം പ്രയോജനപ്പെടുത്താനാകും. ഇവരുടെ പ്രസവവും തുടർ ചികിത്സയും കോട്ടത്തറ ആശുപത്രിയിലായിരിക്കും നടത്തുക. നിലവിലുള്ള 24 മണിക്കൂർ അത്യാഹിത വിഭാഗവും കിടത്തി ചികിത്സയും മെച്ചപ്പെടുത്തും.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഗൈനക്കോളജി ഒപി പ്രവർത്തിക്കുക. ഗർഭിണികൾക്ക് വേണ്ട ലാബ് പരിശോധനകൾക്കും അന്ന് സൗകര്യം ഉണ്ടാകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ശിശുരോഗ വിഭാഗം ഒപി പ്രവർത്തിക്കും. പോസ്റ്റ് കോവിഡ് ക്ലിനിക് + പൾമണോളജി ഒപി ഏല്ലാ ബുധനാഴ്ചയും ഉണ്ടായിരിക്കും. ഈ ഒപികൾക്കായി ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധ, ശ്വാസകോശ രോഗ വിദഗ്ധൻ തുടങ്ങിയ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലെ സാധാരണ ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കാൻ സജ്ജമാക്കിയ പുതിയ സംവിധാനങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോ?ഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.