മനാമ: ബഹറൈനിൽ ഇന്ന് മുതൽ ജനുവരി 31 വരെ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. യെല്ലോ സോൺ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവിൽ വരികയെന്ന് കോവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും മുൻനിർത്തിയാണ് തീരുമാനം.

പല രാജ്യങ്ങളിലും കോവിഡ് വൈറസിന്റെ ഓമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. ബഹ്‌റൈനിൽ ഇതുവരെ ഒരു ഓമിക്രോൺ കേസ് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും മുൻകരുതൽ നടപടിയായാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ലഭ്യമാവുന്ന പഠനങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തുടനീളം ജനങ്ങൾ യെല്ലോ ലെവൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. യോഗ്യരായവർ എത്രയും വേഗം ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കണമെന്നും അതിന് അപ്പോയിന്റ്‌മെന്റ് എടുക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. നജാത്ത് അബ്ദുൽ ഫത്ത് പറഞ്ഞു. വാക്‌സിനെടുത്തവർക്കും എടുക്കാത്തവർക്കും വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ പോകാം. മാളുകൾ ഒഴികെയുള്ള ചില്ലറ വിൽപന കേന്ദ്രങ്ങളിൽ പോവാനും വീടുകളിൽ 30 പേരിൽ കൂടാത്ത സ്വകാര്യ ചടങ്ങുകൾ നടത്താനും സർക്കാർ ഓഫീസുകളിൽ പോകാനും അനുമതിയുണ്ടാകും.

അതേസമയം വാക്‌സിനെടുത്ത് ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഉള്ളവർക്കും കോവിഡ് ബാധിച്ച് രോഗം ഭേദമായവർക്കും മാത്രമാണ് ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും കഫേകളിലും ഇൻഡോർ സർവീസുകളിലും ജിമ്മുകളിലും സ്പോർട്സ് ഹാളുകളിലും സ്വിമ്മിങ് പൂളുകളിലും പ്രവേശനം. 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സിനിമാ തീയറ്ററുകൾ, കളിസ്ഥലങ്ങൽ, വിനോദ കേന്ദ്രങ്ങൾ, പരിപാടികൾ, കോൺഫറൻസുകൾ എന്നിവിടങ്ങളിലും ഈ വിഭാഗങ്ങളിൽ ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ഇവർക്കൊപ്പമുള്ള 12 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കും.