കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാളുകൾ നിയന്ത്രണങ്ങൾ ലംഘിച്ചാൽ പൊലീസ് നടപടി ഉണ്ടാവുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. ഇന്നലെയും ആയിരത്തിലധികം പേർ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കാണിച്ച് മാളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം മാളുകൾക്ക് എതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് അറിയിച്ചു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. പ്രതിദിനം 12000 പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. വാക്സിനേഷനും വർധിപ്പിക്കും. പ്രതിദിനം 35000പേർക്ക് വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. വാക്സിനുകളുടെ എണ്ണത്തിലുള്ള കുറവ് മറ്റു ജില്ലകളുമായി സഹകരിച്ച് പരിഹരിക്കുന്നുണ്ട്. നിലവിൽ ജില്ലയിൽ 207 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണ് ഉള്ളത്. ഇവിടെ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനം തയ്യാറാവണമെന്ന് സുഹാസ് അഭ്യർത്ഥിച്ചു.