കണ്ണൂർ: ക്രിസ്തുമസ് ദിന തലേന്ന് ലക്കും ലഗാനുമില്ലാതെ എതിർ ദിശയിൽ നിന്നും കാർ ഇടിച്ചു തെറിപ്പിച്ചു റോഡിൽ അര മണിക്കൂറോളം ചികിത്സ കിട്ടാതെ കിടക്കുകയും പിന്നീട് ആശുപത്രിയിലെത്തിച്ചതിനു ശേഷം അതിദാരുണമായി മരണമടഞ്ഞ യുവാവിന് നാടിന്റെ കണ്ണീർ യാത്രാമൊഴി. ഇരിട്ടി പെരിങ്കിരി സ്വദേശി പേമലയിൽ അമൽ മാത്യു (26) വാണ് ക്രിസ്തുമസ് ദിന തലേന്ന് അതിദാരുണമായി മരിച്ചത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അമൽ മാത്യുവിന്റെ ഭൗതികശരീരം ക്രിസ്തുമസ് ദിനത്തിൽ വൈകുന്നേരം നാലു മണിക്ക് പെരിങ്കരി സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ നടത്തി.

ഇരിട്ടി - കൂട്ടുപുഴ കെ എസ് ടി പി റോഡിൽ കുന്നോത്ത് മൂസാൻ പീടികയ്ക്ക് സമീപം ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്‌ച്ച രാവിലെ 11മണിയോടെയായിരുന്നു അപകടം. മലപ്പുറത്തുനിന്നും മൈസുരുവിലേക്ക് പോവുകയായിരുന്ന കാറും കുന്നോത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ റോഡിന്റെ എതിർ വശത്ത് എത്തിയാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡരികിലെ കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ച് പൂർണ്ണമായും തകർന്നു നിന്നെങ്കിലും ബൈക്ക് ഓടിച്ച അമൽ മാത്യു റോഡിന് പുറത്തേക്ക് തെറിച്ച് നാലുമീറ്റർ താഴ്‌ച്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു. റോഡിന്റെ മതില്‌കെട്ടിന് താഴെ കുഴിയിൽ നിന്നും വളരെ സാഹസപ്പെട്ടാണ് അമലിനെ പുറത്തെടുത്തത്. തലയ്ക്കും കൈക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു.

അറ്റു തൂങ്ങിയ കൈകാലുകളുമായി മറ്റൊരു വണ്ടിയിൽ കയറ്റാൻ പ്രയാസമായതിനാൽ ആബുലൻസിനായി അരമണിക്കൂറിലധികം കാത്തുനിന്ന് അമലിനെ റോഡരികിൽ കിടത്തി. എന്നിട്ടും ആബുലൻസ് ലഭിക്കാതായതോടെ അതുവഴി വന്ന ഗുഡ്സ് ജീപ്പിൽ കയറ്റിയാണ് ഇരിട്ടിയിലെ അമല ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കനായില്ല.

ഇടിച്ച കാർ അപകട സ്ഥലത്തു നിന്നും 20മീറ്ററോളം മാറിയാണ് നിന്നത്. കണ്ണൂരിൽ സൗണ്ട് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു അമൽ മാത്യു. പെരിങ്കരിയിലെ പേമലയിൽ മാത്യു- ലില്ലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലിയ, ലിന.