കണ്ണൂർ: കേരള രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയാണ് ഇന്നലെ വിടവാങ്ങിയ സതീശൻ പാച്ചേനി. അപ്രതീക്ഷിതമായി എത്തിയ മസ്തിഷ്‌കാഘാതമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. കഴിഞ്ഞ 19-ന് രാത്രി 11-നായിരുന്നു പള്ളിക്കുന്നിലെ വാടകവീട്ടിൽ സതീശൻ പാച്ചേനി തളർന്നുവീണത്. അസുഖം കാരണം തളർന്നുപോയ അടുത്ത ബന്ധുവിനെ കാണാൻ പോയി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് കിടന്നശേഷം വല്ലാത്ത അസ്വസ്ഥത ഉണ്ടായി.

പിന്നീട് ഉടൻ തലകറക്കവും തുടർന്ന് ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. അപ്പോഴേക്കും തളർന്ന് അവശനായതോടെ ഡി.സി.സി.യിൽ വിളിച്ച് വാഹനം വരാൻ പറഞ്ഞു. തുടർന്ന് ആംബുലൻസിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും അബോധാവസ്ഥയിലായി. ഒരുമാസം മുൻപ് അദ്ദേഹത്തിന് സംസാരിക്കുമ്പോൾ ചെറിയ രീതിയിലുള്ള അസ്വസ്ഥതയുണ്ടായിരുന്നു. ഉടൻ ഡോക്ടറെ കണ്ടു. സ്‌കാൻ ചെയ്തു. മരുന്നും നൽകി. കാര്യമായ പ്രശ്‌നമൊന്നും കാണാനുണ്ടായിരുന്നില്ല. മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.

അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ പരിശോധിച്ചപ്പോഴാണ് അതീവ ഗുരുതരമായ മസ്തിഷ്‌കാഘാതമാണെന്ന് വ്യക്തമായത്. തലച്ചോറിലെ പ്രധാന ഭാഗമായ തലാമസിൽ കടുത്ത രക്തസ്രാവമുണ്ടായി. സർജറിപോലും പറ്റാത്ത അവസ്ഥ. വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു. സ്ഥിതി വളരെ അപകടകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ ആകുന്നതെല്ലാം ചെയ്തുനോക്കി. ബോധത്തിലേക്ക് നേരിയ രീതിയിലെങ്കിലും തിരിച്ചുവരാനുള്ള സാധ്യതയും പതിയെ ഇല്ലാതാകുകയായിരുന്നു.

അതേസമയം പ്രതീക്ഷയോടെ പാർട്ടിപ്രവർത്തകരും നേതാക്കളും രാപകൽ ആശുപത്രിയിൽ പ്രതീക്ഷയോടെ കാവലിരുന്നു. പിന്നീട് വെന്റിലേറ്ററിൽനിന്ന് മാറ്റിയെങ്കിലും വീണ്ടും വെന്റിലേറ്റർ ഉപയോഗിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച വീണ്ടും ആരോഗ്യസ്ഥിതി വഷളായി. ബുധനാഴ്ചയോടെ തലച്ചോറിന്റെ വലിയ ഭാഗത്തിന്റെ പ്രവർത്തനവും നിലച്ചു. വ്യാഴാഴ്ചയോടെ ഇനി ഒരു തിരിച്ചുവരവില്ലെന്ന് തോന്നിത്തുടങ്ങിയിരുന്നു. പാച്ചേനിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചുവരികയും ഹൃദയമിടിപ്പ് മന്ദമാകുകയുംചെയ്തു.

ഇന്നലെ രാവിലെ 11 മണിയോടെ പാച്ചേനി മരിച്ചെന്ന് നേതാക്കളെ ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മരണവാർത്ത പാർട്ടി നേതാക്കൾ അറിഞ്ഞെങ്കിലും കുടുംബത്തെ അറിയിക്കാനുള്ള താമസം കാരണം വൈകിയാണ് മാധ്യമങ്ങളെ വാർത്ത അറിയിച്ചത്. ചിട്ടയായ രാഷ്ട്രീയപ്രവർത്തനശൈലിയായിരുന്നു സതീശൻ പാച്ചേനിയുടെത്. അദ്ദേഹം ഡി.സി.സി. പ്രസിഡന്റായിരുന്ന കാലത്താണ് കേരളത്തിലെ ഏറ്റവും വലിയ ഡി.സി.സി. ഓഫീസ് കണ്ണൂരിൽ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്. കെ. സുരേന്ദ്രൻ ഡി.സി.സി. പ്രസിഡന്റായിരിക്കെ, തുടക്കമിട്ട കെട്ടിടംപണി പലകാരണങ്ങൾകൊണ്ടും പാതിവഴിക്കായിരുന്നു.


അത് പൂർത്തിയാക്കുകയെന്നത് തുടർന്ന് പ്രസിഡന്റായ പാച്ചേനിയുടെ ചുമതലയായി. ഒരുഘട്ടത്തിൽ സാമ്പത്തികപ്രതിസന്ധി വന്നപ്പോൾ, മറ്റൊന്നും ചിന്തിക്കാതെ സ്വന്തം വീടുവിറ്റ പണംതന്നെ ഇതിനായി ഉപയോഗിച്ചു. പിന്നീട് പാർട്ടി ആ പണം തിരിച്ചുനൽകിയെങ്കിലും അദ്ദേഹം കാണിച്ച ആത്മാർഥത ശ്രദ്ധേയമായി. ഡി.സി.സി.യുടെ കെട്ടിടം പൂർത്തിയാക്കിയെങ്കിലും രാഹുൽഗാന്ധിയുടെ സൗകര്യത്തിനായി ഉദ്ഘാടനം വളരെ വൈകി. അവസാനം കെട്ടിടത്തിന്റെ വർണാഭമായ ഉദ്ഘാടനം നടക്കുമ്പോൾ ഡി.സി.സി. പ്രസിഡന്റിന്റെ കസേരയിൽ പാച്ചേനിയില്ലായിരുന്നു. സംഘടനാപരമായ തീരുമാനത്തെ തുടർന്ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം അഡ്വ. മാർട്ടിൻ ജോർജിന് മാറിക്കൊടുത്തിരുന്നു.

പ്രവർത്തനംകൊണ്ട് മികച്ച ഡി.സി.സി. പ്രസിഡന്റായിരുന്നു സതീശൻ പാച്ചേനി. കെപിസിസി.യുടെതന്നെ അംഗീകാരം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പൊതുപ്രശ്‌നങ്ങളിലും രാഷ്ട്രീയപ്രശ്‌നങ്ങളിലുമുള്ള ഇടപെടലിൽ പാച്ചേനി ഒന്നാംസ്ഥാനത്താണ്. സിപിഎമ്മിന്റെ പാർട്ടിഗ്രാമങ്ങളിൽ ഉൾപ്പെടെ മണ്ഡലം പദയാത്രകൾ അദ്ദേഹം നയിച്ചു. കെ.എസ്.യു. പ്രസിഡന്റായിരിക്കെ, നടത്തിയ വിദ്യാർത്ഥിസമരങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. പൊലീസ് മർദനത്തിനും ഇരയായി. എ.കെ. ആന്റണിയുടെ ആദർശരാഷ്ട്രീയത്തിൽ ആവേശംപൂണ്ട് കെ.എസ്.യു.വിൽ എത്തിയതാണ് പാച്ചേനി.

1985-ൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കെ.എസ്.യു.വിന്റെ നേതൃത്വത്തിൽ നടത്തിയ 66 ദിവസം നീണ്ട സമരം കണ്ണൂരിൽ നയിച്ചത് സതീശനായിരുന്നു. പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ബസ് പാസിനായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പാച്ചേനി ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ ചുമതലക്കാരനായിരുന്നു പാച്ചേനി. കണ്ണൂരിൽ സിപിഎമ്മുമായി കൊമ്പുകോർക്കാൻ പാച്ചേനി എന്നും മുൻപന്തിയിലായിരുന്നു. ഉരുളയ്ക്കുപ്പേരിപോലെയായിരുന്നു അദ്ദേഹത്തിന്റെ മറുപടികൾ.

2016 ഡിസംബറിൽ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി പാർട്ടി ചുമതല ഏൽപ്പിച്ചപ്പോൾ പുതിയ രീതിയും ശൈലിയും സ്വീകരിച്ചായിരുന്നു മുന്നോട്ടുപോയത്. സിപിഎം. ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ പദയാത്രകൾ നടത്തി. പ്രവർത്തകരെയും നാട്ടുകാരെയും നേരിൽക്കണ്ടു, സംസാരിച്ചു. ഒരുമാസം നീണ്ട പദയാത്ര ജില്ലയിലുടനീളം കോൺഗ്രസിന് വലിയ ഉണർവേകി.

ശാന്തമായും പരസ്പര ബഹുമാനത്തോടെയും പെരുമാറുമ്പോഴും രാഷ്ട്രീയനിലപാടുകൾ കൃത്യമായി പറയുകയും ചെയ്തു അദ്ദേഹം. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം നടന്ന സമയം. സിപിഎം. അക്രമത്തിനെതിരേ ജില്ലയിൽ ജനമനസ്സാക്ഷി ഉണർത്തുന്ന പ്രവർത്തനങ്ങളുമായി കോൺഗ്രസ് എത്തി. ഈ ഇടപെടലിന് നേതൃത്വം നൽകിയത് സതീശനായിരുന്നു. ഉപവാസമിരുന്ന് പുതിയ സമരമുഖം തുറന്നു അദ്ദേഹം.