കണ്ണൂർ: കണ്ണൂരിലെ പൊതുരംഗത്തെ നികത്താനാവാത്ത ശൂന്യതയിലാഴ്‌ത്തികൊണ്ടു സതീശൻ പാച്ചേനി ഓർമയായി മാറി. സതീശൻ പാച്ചേനിയെന്ന കണ്ണൂരിന്റെ പ്രിയ ജനനേതാവിന് നിരവധി മഹാരഥന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് ചിതയൊരുക്കിയത്. പയ്യാമ്പലത്തിന്റെ ആകാശത്ത് ജ്വലിച്ചുയർന്ന നട്ടുച്ച സൂര്യനെ സാക്ഷിയായി നിർത്തികൊണ്ടു സതീശൻ പാച്ചേനിക്ക് സ്വദേശാഭിമാനി സ്മൃതിമണ്ഡപത്തിനരികെ ഒരുക്കിയ സ്ഥലത്ത് മകൻ ജവഹർ ചിതയ്ക്ക് അഗ്നിനാളം പകർന്നു.കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ വൻജനാവലിയുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് രാഷ്ട്രീയത്തിലെ സൂര്യതേജസായിരുന്ന പാച്ചേനിക്ക് അന്ത്യയാത്രയേകിയത്.

അധികാരത്തിന്റെ ചാമരങ്ങളിൽ അകന്നു നിന്നുവെങ്കിലും ജനമനസിൽ പാച്ചേനിയുടെ സ്ഥാനം അതിലുമെത്രയോ വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു കണ്ണൂരിൽ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാനെത്തിയ വൻജനാവലിയുടെ ദൃശ്യം. കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകൾക്കപ്പുറത്ത് പാച്ചേനി എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് വിളിച്ചോതുന്നവിധമായിരുന്നു അവിടെ തടിച്ചുകൂടിയ വ്യത്യസ്തപാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യം. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണക്കാർ ഉൾപ്പെടെ പ്രിയനേതാവിന്റെ അന്ത്യയാത്ര ദർശിക്കാനെത്തിയിരുന്നു.

വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് കണ്ണൂർ ഡി.സി. സി ഓഫിസ് അങ്കണത്തിൽ നിന്നും സതീശൻപാച്ചേനിയുടെഭൗതിക ശരീരം വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുവന്നത്. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജും സണ്ണിജോസഫ് എംഎൽഎയും സേവാദൾ വളൻഡിയർമാരും ചുമലിലേറ്റു. വിദ്യാർത്ഥി ജീവിതം കാലം മുതൽ ഒപ്പമുണ്ടായിരുന്ന മേയർ ടി.ഒ മോഹനൻ ഉൾപ്പെടെയുള്ളവരുടെ മുഖത്ത് പാച്ചേനിയുടെ സ്മരണകൾ നിഴലിക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്‌ച്ച രാത്രി പത്തരയോടെയാണ് സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ വിയർപ്പും സഹനവും കൊണ്ടു പടുത്തുയർത്തിയ കണ്ണൂർ ഡി.സി.സി ഓഫിസ് മന്ദിരം അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലെത്തിച്ചത്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് പാച്ചേനിയെ അവസാനമായി ഒരു നോക്കുകാണാൻ ഡി.സി.സി ഓഫിസിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ മുതൽ ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു. നീണ്ട ക്യൂവാണ് അവിടെ ദൃശ്യമായത്. അച്ചടക്കത്തോടെയും സഹനഭാവത്തോടെയും നിശബ്ദമായി മണിക്കൂറുകളോളം വരിവരിയായ നിന്ന ജനക്കൂട്ടം പ്രിയനേതാവിനെ അന്ത്യാഭിവാദ്യമർപ്പിച്ചു. പന്ത്രണ്ടു മണിയോടെയാണ് ഭൗതിക ശരീരവുമായുള്ള വിലാപയാത്ര കോൺഗ്രസ് ഓഫിസിൽ നിന്നും ആരംഭിച്ചത്. കെ. പി. സി.സി അധ്യക്ഷൻ കെ.സുധാകരൻ, രമേശ് ചെന്നിത്തല, എംപി മാരായ കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയവർ വിലാപയാത്രയ്ക്കു നേതൃത്വം നൽകി.

ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, സ്പീക്കർ എ. എൻ ഷംസീർ, മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നിബഹനാൻ, വി.ടി ബൽറാം, ഹൈബി ഈഡൻ എംപി ടി.സിദ്ദിഖ് എംഎൽഎ, ഡോ. എം.കെ മുനീർ, ബിന്ദുകൃഷ്ണ, മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി മോഹനൻ എംഎൽഎ, അബ്ദുറഹ്മാൻ രണ്ടത്താണി, എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ, സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, സി. ഐ. ടി.യു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, എഴുത്തുകാരൻ ടി.പത്മനാഭൻ,കെ.സി ഉമേഷ് ബാബു, ജെബി മേത്തർ എംപി, ഷാനിമോൾ ഉസ്മാൻ, എ.സി.പി ടി.കെ രത്നകുമാർ, ബിജെപി നേതാക്കളായ സി.കെ പത്മനാഭൻ, കെ.രഞ്ചിത്ത്,സി.സത്യപ്രകാശ്, ബിജു ഏളക്കുഴി, ജോസ് ചെമ്പേരി, സി.പി. ഐ നേതാക്കളായ സി. എൻ ചന്ദ്രൻ, സി.പി സന്തോഷ് കുമാർ, ജില്ലാപഞ്ചായത്ത് പ്രസി. പി.പി ദിവ്യ, അബ്ദുൽ കരീം ചേലേരി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, ടി.സിദ്ദിഖ് എംഎൽഎ, ആർ. എസ്. എസ് നേതാവ് ഒ.രാജേഷ്, ഷാഫി പറമ്പിൽ എംഎൽഎ, പി.സന്തോഷ് കുമാർ എംപി, ലതികാസുഭാഷ് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.